പലരും ഗുണം അറിയാതെ ഉപയോഗിക്കുന്ന പച്ചക്കറിയാണ് കാപ്സിക്കം. ചുവപ്പ്, പട്ട, മഞ്ഞ നിറങ്ങളിലുള്ള കാപ്സിക്കം വിഭവങ്ങളിൽ വാരി വലിച്ച് ചേർക്കുന്നുണ്ടെങ്കിലും ഗുണമറിയുന്നില്ല. വൈവിധ്യമാർന്ന പോഷകഗുണങ്ങളും സ്വാദം നൽകുന്ന ഇവ ആന്റി ഓക്സിഡന്റകളുടെ കലവറയാണ്. വിറ്റാമിൻ സി, എ, ഫോളേറ്റ്, ഡയറ്ററി ഫൈബർ എന്നിവയും മറ്റ് പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ക്യാപ്സിക്കം സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനേറെ ഗുണങ്ങൾ ചെയ്യും.
100 ഗ്രാം കാപ്സിക്കത്തിൽ..
100 ഗ്രാം കാപ്സിക്കം പ്രതിദിനം കഴിക്കുന്നത് വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ കെ എന്നിവ ലഭിക്കും. പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ധാതുക്കളും ചെറിയ അളവിൽ അടങ്ങിയിരിക്കുന്നു. രോട്ടിനോയിഡുകളും ഫ്ലേവനോയ്ഡുകളും ഉൾപ്പെടെ വിവിധ ഫൈറ്റോ ന്യൂട്രിയൻ്റുകൾ കൊണ്ട് സമ്പുഷ്ടമാണ് കാപ്സിക്കം. 100 ഗ്രം കാപ്സിക്കത്തിൽ 20 കലോറിയാണ് അടങ്ങിയിട്ടുള്ളത്. 4.6 ഗ്രാം കാർബോ ഹൈഡ്രേറ്റും 1.7 ഗ്രാം നാരുകളും 0.9 ഗ്രം പ്രോട്ടീനും ഇതിൽ അടങ്ങിയിരിക്കുന്നു.
കാപ്സിക്കം പതിവാക്കിയാൽ…
- ആന്റി ഓക്സിഡൻ്റുകളാൽ സമ്പന്നമായതിനാൽ തന്നെ ശരീരത്തിലെ സമ്മർദ്ദത്തെ ചെറുക്കാൻ ഇതിന് കഴിയുന്നു. വിട്ടുമാറാത്ത രോഗ സാധ്യതകളെ ലഘൂകരിക്കാനും ഇത് സഹായിക്കുന്നു.
- വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു. ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കും.
- കലോറി കുറവായതിനാൽ തന്നെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
- വിറ്റാമിൻ എയുടെയും കരോട്ടിനോയിഡുകളുടെയും സാന്നിധ്യം കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
- അസ്ഥികളുടെ ആരോഗ്യത്തിന് സഹായിക്കുന്ന മാംഗനീസ് കാപ്സിക്കത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
- കാർബോഹൈഡ്രേറ്റും ഗ്ലൈസെമിക് ഇൻഡക്സും കുറവായതിനാൽ പ്രമേഹ രോഗികൾക്ക് കാപ്സിക്കം കഴിക്കാവുന്നതാണ്.
- ഗർഭിണികളും കാപ്സിക്കം കഴിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സസ്യാഹാരങ്ങളിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനും ഇത് സഹായിക്കും. എന്നാൽ ഗർഭിണികളിൽ ചിലർക്ക് നെഞ്ചെരിച്ചിൽ അനുഭവപ്പെടാം.