ജയ്പൂർ: കോൺഗ്രസിന് ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റകൃത്യമായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ കോൺഗ്രസ് ഹനുമാൻ ചാലിസ പാരായണവും രാമനവമി ആഘോഷങ്ങളും നിരോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ മധോപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
“ഒരു വിശ്വാസത്തിനൊപ്പം സഞ്ചരിക്കുന്നത് കോൺഗ്രസ് പാർട്ടിക്ക് താൽപ്പര്യമില്ലാത്ത കാര്യമാണ്. അവർക്ക് ജനങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുക്കുന്നതിന് മാത്രമാണ് താൽപ്പര്യമുള്ളത്. ജനങ്ങളുടെ സ്വത്തുക്കൾ ആർക്ക് കൊടുക്കുമെന്ന ചിന്തയിലാണ് കോൺഗ്രസ്. ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും അവർ കുറ്റകരമായാണ് കാണുന്നത്. ഈ വർഷം ആദ്യമായാണ് രാമനവമി ദിനത്തിൽ സംസ്ഥാനത്ത് ഘോഷയാത്ര നടത്തിയത്”.
“കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കർണാടകയിൽ ഹനുമാൻ ചാലിസ വച്ചതിന്റെ പേരിൽ
ഒരു കടയുടമയെ ക്രൂരമായി മർദ്ദിച്ചു. രണ്ട്-മൂന്ന് ദിവസം മുമ്പ് കോൺഗ്രസിന്റെ വോട്ടുബാങ്ക് രാഷ്‌ട്രീയത്തെയും പ്രീണന രാഷ്‌ട്രീയത്തെയും ഞാൻ തുറന്നുകാട്ടി. ഇത് കോൺഗ്രസിനെയും ഇൻഡി സഖ്യത്തെയും വളരെയധികം ചൊടിപ്പിച്ചു. അവർ എല്ലായിടത്തും ഇപ്പോൾ മോദിയെ അധിക്ഷേപിക്കുകയാണ്”.
“എൻഡിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആരും ചിന്തിക്കാത്ത തിരുമാനങ്ങൾ ഞങ്ങൾ കൈക്കൊണ്ടു. എന്നാൽ കോൺഗ്രസ് ഭരിച്ചിരുന്നെങ്കിൽ കശ്മീരിൽ നമ്മുടെ സൈന്യത്തിന് നേരെ ഇപ്പോഴും കല്ലേറുണ്ടാകുമായിരുന്നു. ബോംബ് സ്‌ഫോടനങ്ങൾ നടക്കുമായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തുണ്ടായ മാറ്റങ്ങൾ ജനങ്ങൾ കണ്ടതാണ്. സത്യസന്ധതയുള്ള സർക്കാരിന് മാത്രമേ രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ”- പ്രധാനമന്ത്രി പറഞ്ഞു.















