ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും തെലങ്കാന എംഎൽസി കെ. കവിതയുടേയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് നീട്ടി. ആംആദ്മി പാർട്ടി ദേശീയ കൺവീനർ കെജ്‌രിവാളും ഭാരത് രാഷ്‌ട്ര സമിതി നേതാവ് കവിതയും ഡൽഹിയിലെ തിഹാർ ജയിലിൽ തുടരേണ്ടി വരും. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത ഇരുവരെയും മെയ് ഏഴിനാണ് ഇനി കോടതിയിൽ ഹാജരാക്കുക.
മാർച്ച് 21നായിരുന്നു കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഏപ്രിൽ 15ന് ഹർജിയിൽ വാദം കേട്ട കോടതി ഇഡിയുടെ മറുപടി തേടിയിരിക്കുകയാണ്. അറസ്റ്റ് ചോദ്യം ചെയ്ത ഹർജി നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയതിനെ തുടർന്നായിരുന്നു കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഡൽഹിയിലെ മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് മദ്യശാല ഉടമകളിൽ നിന്നും 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഇത് ഗോവയിലെയും പഞ്ചാബിലെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിച്ചുവെന്നുമാണ് കെജ്‌രിവാളിനെതിരായ ഇഡിയുടെ കണ്ടെത്തൽ. 100 കോടി രൂപ സമാഹരിച്ച് നൽകുന്നതിന് ബിആർഎസ് നേതാവ് കവിത നടത്തിയ ഇടപെടലുകളും ഇഡി പുറത്തുകൊണ്ടുവന്നിരുന്നു.















