കൊച്ചി: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ കമ്മീഷണർ അങ്കിത് അശോകനെതിരെ ഹൈക്കോടതിയിൽ വീണ്ടും ഹർജി. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പൊലീസ് പാദരക്ഷ ധരിച്ച് കയറി സംഭവവും വടക്കുംനാഥ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനെ വഴി തടഞ്ഞതും ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരനാണ് കോടതിയെ സമീപിച്ചത്.
പൂരത്തിന് ചുമതലയിലുണ്ടായിരുന്ന അങ്കിത് അശോകനെതിരെ നടപടി ആവശ്യപ്പെട്ടാണ് ഹർജി. ആചാരങ്ങളിലടക്കം പോലീസ് ഇടപെട്ടുവെന്നും ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കപ്പെട്ടെന്നും ഹർജിയിൽ പറയുന്നു. കമ്മീഷണർക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. പൂരം അലങ്കോലമാക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് നിർദേശിക്കണം. ജില്ലാ പ്രിൻസിപ്പൽ ജഡ്ജി അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഹർജി പരിഗണിച്ച കോടതി എതിർകക്ഷികളായ സർക്കാർ, പോലീസ് ഉൾപ്പടെയുള്ളവരോട് വിശദീകരണം തേടി. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികൾ കോടതിയെ സമീപിക്കാതിരുന്ന കാര്യവും ഹൈക്കോടതി ചോദിച്ചു. മെയ് 22ന് ഹർജി വീണ്ടും പരിഗണിക്കും.