ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് 211 റൺസ് വിജയലക്ഷ്യം. സെഞ്ച്വറി നേടിയ നായകൻ ഋതുരാജ് ഗെയ്ക്വാദും അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി ശിവം ദുബെയുമാണ് ചെന്നൈക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് ആതിഥേയർ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സിന് തുടക്കത്തിൽ തന്നെ പ്രഹരമേൽപ്പിച്ചു കൊണ്ടാണ് ലക്‌നൗ ബൗളർമാർ മത്സരത്തിനിറങ്ങിയത്. ആദ്യ ഓവറിൽ തന്നെ ഓപ്പണർ അജിങ്ക്യാ രഹാനെയെ(1) പുറത്താക്കി മാറ്റ് ഹെന്റിയായിരുന്നു പ്രഹരം നൽകിയത്. പിന്നാലെ എത്തിയ ഡാരിൽ മിച്ചലും (11), നാലാമനായെത്തിയ രവീന്ദ്ര ജഡേജും (17) തിളങ്ങാനാവാതെ മടങ്ങി.പവർ പ്ലേയിൽ തിളങ്ങാനായില്ലെങ്കിലും നായകൻ ഋതുരാജും പിന്നാലെ എത്തിയ ശിവം ദുബെയും തകർത്തടിച്ചതോടെയാണ് ചെന്നൈയുടെ സ്‌കോർ ബോർഡ് അതിവേഗം കുതിച്ചത്. ഇരുവരും തകർത്തടിച്ചതോടെ ലക്‌നൗ ബൗളർമാർ വിയർത്തു.
56 പന്തിൽ നിന്നാണ് നായകൻ ഋതുരാജ് സെഞ്ച്വറി നേടിയത്. 22 പന്തിൽ അർദ്ധ ശതകം നേടിയ ശിവം ദുബെയെ പുറത്താക്കാനുള്ള അവസരം ലക്‌നൗ കൈവിട്ടതോടെയാണ് ചെന്നൈ ആനായാസം 200 കടന്നത്. 15 ഓവറിൽ 135 റൺസിലായിരുന്നു ചെന്നൈ. അവസാന അഞ്ചോവറിൽ 75 റൺസാണ് അടിച്ചെടുത്തത്. ഋതുരാജ് (108) റൺസെടുത്തപ്പോൾ ശിവം ദുബെ( 66) റൺസ് ചെന്നൈയ്‌ക്കായി നേടി. 12 ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതാണ് ഋതുരാജിന്റെ ഇന്നിംഗ്‌സെങ്കിൽ ഏഴ് സിക്‌സും മൂന്ന് ഫോറുമാണ് ദുബെയുടെ ബാറ്റിൽ നിന്ന് പിറന്നത്. അവസാന പന്തിൽ ബൗണ്ടറി നേടിയ ധോണിയാണ് സ്‌കോർ 210-ൽ എത്തിച്ചത്. ലക്്നൗവിനായി യാഷ് താക്കൂറും മൊഹ്‌സിൻ ഖാനും മാറ്റ് ഹെൻറിയും ഓരോ വിക്കറ്റെടുത്തു.