പാരീസ്: ഇംഗ്ലീഷ് ചാനൽ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു കുട്ടിയുൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് അപകടത്തിൽ പെട്ടത്. നിറയെ ആളുകളുമായി പോവുകയായിരുന്ന ചെറുബോട്ട് വഴിമധ്യേ മുങ്ങിപ്പോവുകയായിരുന്നു. മരിച്ചവരിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും 7 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.
112 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഫ്രഞ്ച് തീരമായ വിമോറയിൽ നിന്ന് പുറപ്പെട്ട ബോട്ടാണ് മുങ്ങിയത്. 49 പേരെ ഫ്രഞ്ച് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഇതിൽ 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ ബോട്ടിൽ യാത്ര തുടരുകയായിരുന്നുവെന്ന് ഫ്രഞ്ച് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഏകദേശം 6000ത്തിലധികം ആളുകളാണ് ഈ വർഷം മാത്രം ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റം നടത്തിയത്. ഒട്ടും സുരക്ഷിതമല്ലാത്ത സഹാചര്യങ്ങളിൽ ചെറുതും തിങ്ങിനിറഞ്ഞതുമായ ബോട്ടുകളിലാണ് ഇവർ ബ്രിട്ടനിലെത്താൻ ശ്രമിക്കുന്നത്. ക്രിമിനൽ സംഘങ്ങൾ ഒരുക്കി നൽകുന്ന ഇത്തരം ബോട്ടുകളിൽ സഞ്ചരിക്കുന്നവർ അപകടങ്ങളിൽ പെടുന്നതും സർവ സാധാരണമാണ്.
ബ്രിട്ടനിലെത്തുന്ന ഇത്തരം അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള ബില്ലിന് യുകെ ഗവൺമെൻറ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. കടൽ കടന്ന് കുടിയേറാൻ ശ്രമിക്കുന്നവരെ മനുഷ്യക്കടത്ത് നടത്തുന്നവരുടെ ചൂഷണത്തിൽ നിന്നും രക്ഷിക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കിയിരുന്നു. കുടിയേറ്റക്കാരെ മാറ്റിപാർപ്പിക്കാൻ വിമാനങ്ങൾ ചാർട്ടർ ചെയ്തതായും അദ്ദേഹം അറിയിച്ചു.















