മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിക്കെതിരെയും സഹോദരൻ അൻമോൽ ബിഷ്‌ണോയിക്കെതിരെയും തെളിവുകൾ കണ്ടെടുത്ത് ക്രൈംബ്രാഞ്ച്. പ്രതികൾ നാല് തവണ സൽമാന്റെ വസതിക്ക് മുന്നിലൂടെ സഞ്ചരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
പ്രതികളുടെ പക്കൽ നിന്നും തകർന്ന മൊബൈൽ ഫോണുകൾ കണ്ടെടുത്തതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളുടെ കൈവശം ഒന്നിലധികം ഫോണുകൾ ഉണ്ടായിരുന്നെന്നും ബാക്കിയുള്ള ഫോണുകൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഗുജറാത്തിലെ താപി നദിയിൽ നിന്ന് രണ്ട് പിസ്റ്റളുകളും
13 ബുള്ളറ്റുകളും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്കൂബാ സംഘത്തിന്റെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് തിരച്ചിൽ നടത്തുന്നത്.
പ്രതികളുടെ ബാങ്ക് ഇടപാടുകൾ അന്വേഷണ സംഘം പരിശോധിക്കും. കേസിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയെ പ്രതി ചേർത്തിട്ടുണ്ട്. ബിഷ്ണോയ് സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെയും കേസിൽ പ്രതി ചേർത്തത്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയുമായി പ്രതികൾക്ക് നേരിട്ട് ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കേസന്വേഷണത്തിൽ ലോറൻസ് ബിഷ്ണോയിക്കെതിരെ വ്യക്തമായ തെളിവുകൾ കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിന് പിന്നിൽ ബിഷ്‌ണോയ് സംഘമാണെന്ന് മുംബൈ പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.