കോഴിക്കോട്: വടകരയിൽ വികസനത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഇടത്-വലത് മുന്നണികൾക്ക് ഭയമാണെന്ന് എൻഡിഎ സ്ഥാനാർഥി സിആർ പ്രഫുൽ കൃഷ്ണൻ. കള്ളവോട്ട് സിപിഎമ്മിന്റെ കുലത്തൊഴിലാണെന്നും തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക ഇടപെടൽ ഉണ്ടാകണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു
വടകരയിൽ ഇടത്- വലത് മുന്നണികളുടെ സംസാരവിഷയം സൈബർ ആക്രമണമാണ്. വികസനത്തെ പറ്റി ചർച്ച ചെയ്യാൻ ഇരുമുന്നണികൾക്കും ധൈര്യമില്ല. എന്ത് വികസനമാണ് ഇരുമുന്നണികളും വടകരയിൽ നടത്തിയതെന്നും പ്രഭുൽ കൃഷ്ണ ചോദിച്ചു. നിലവിലെ വടകരയിലെ എംപി മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. സംസ്ഥാന സർക്കാരും ഇവിടെ ഒരു വികസന പ്രവർത്തനവും നടത്തിയിട്ടില്ല. വികസന പ്രവർത്തനങ്ങളെ പറ്റി ചർച്ചചെയ്യാൻ ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള അശ്ലീല ചർച്ചകൾക്ക് പിന്നാലെ അവർ പോകുന്നത്.
സിപിഎമ്മിന്റെ കള്ളവോട്ടിനെയും ബോംബ് രാഷ്‌ട്രീയത്തെയും പ്രഭുൽകൃഷ്ണ രൂക്ഷമായി വിമർശിച്ചു. ബോംബ് ഉണ്ടാക്കിയത് വിഷുവിനും ദീപാവലിക്കും പൊട്ടിക്കാൻ വേണ്ടിയല്ലെന്നും ആളുകളെ കൊല്ലാൻ വേണ്ടിയാണെന്നും എല്ലാവർക്കും അറിയാം. സംഘർഷങ്ങളിലൂടെയും ബോംബ് രാഷ്‌ട്രീയത്തിലൂടെയും കൊലപാതക രാഷ്‌ട്രീയത്തിലൂടെയുമാണ് സിപിഎം വളർന്നത്. അണികൾ എപ്പോഴാണോ പാർട്ടി വിട്ടുപോകുന്നത്, കമ്യൂണിസ്റ്റ് പാർട്ടി എപ്പോഴാണോ പ്രതിസന്ധിയിലാകുന്നത് അപ്പോഴെല്ലാം കണ്ണൂരിൽ ബോംബ് പൊട്ടുകയും ആളുകൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.















