ഇന്നത്തെ തിരക്ക് പിടിച്ച ലോകത്ത് ആർക്കും ആരേയും സഹായിക്കാൻ സമയമില്ലെന്ന് പൊതുവേ പറയാറുണ്ട്. എന്നാൽ ആ ധാരണകളെ തിരുത്തി കുറിക്കുകയാണ് റാഞ്ചിയിൽ നിന്നുള്ള ഡെലിവറി ബോയ്. സ്വിഗ്ഗിയിൽ ഭക്ഷണം ഓർഡർ ചെയ്‌തതുമായി ബന്ധപ്പെട്ട് നന്ദിനി എന്ന യുവതി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പോടെയാണ് ഡെലിവറി ബോയിയുടെ നന്മ പുറം ലോകം അറിഞ്ഞത്.
കഠിനമായ ആർത്തവ വേദന കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു താനെന്ന് യുവതി കുറിപ്പിൽ പറയുന്നു. മെഡിക്കൽ സ്റ്റോറിലേക്ക് പോകാൻ പോലും സാധിക്കുമായിരുന്നില്ല. ഇതിനിടയിൽ സ്വിഗ്ഗിയിൽ ഭക്ഷണം ഓർഡർ ചെയ്തതു. തുടർന്ന് ഡെലിവറി ബോയിയോട് വേദനയ്‌ക്കുള്ള ഗുളിക വാങ്ങി കൊണ്ടുവരാമോയെന്ന് ചോദിച്ചു. അദ്ദേഹം കരുണയുളള ആളായതിനാൽ മരുന്ന് വാങ്ങിക്കൊണ്ടു വന്നു. ഡെലിവറി ബോയിക്ക് ടിപ്പ് നൽകി നന്ദിയും പറഞ്ഞതായി, യുവതി എഴുതി. വാങ്ങി നൽകിയ മരുന്നിന്റെ ചിത്രവും സ്വിഗ്ഗിയുടെ ബില്ലും നന്ദിനി പങ്കുവെച്ചിട്ടുണ്ട്.

ഹൃദയസ്പർശിയായ പോസ്റ്റ് അതിവേഗമാണ് വൈറലായത്. യുവാവിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റെ് ചെയ്തത്. യുവതിക്ക് ഓൺലൈനായി മെഡിസിൻ വാങ്ങിക്കൂടേയെന്ന് ചോദിച്ചവരും കൂട്ടത്തിലുണ്ട്. റാഞ്ചിയിൽ ഇത്തരം സംവിധാനങ്ങൾ നിലവിലില്ലെന്ന് യുവതി മറുപടിയും പറയുന്നുണ്ട്.















