ലക്‌നൗ: രാഹുൽ വീണ്ടും അമേഠിയിൽ മത്സരിക്കുമോ? . ഈ ചോദ്യത്തിന് കോൺഗ്രസ് ഇതുവരെ കൃത്യമായ ഉത്തരം നൽകിയില്ലെങ്കിലും അമേഠിയിലെ രാഹുലിന്റെ വീട്ടിൽ അറ്റകുറ്റപ്പണികളും വൃത്തിയാക്കലുമൊക്കെ തകൃതിയായി നടക്കുകയാണ്. രാഹുൽ നിലവിൽ മത്സരിക്കുന്ന വയനാട്ടിൽ വോട്ടെടുപ്പ് കഴിയുമ്പോൾ അമേഠിയിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി വീട്ടിലെ അറ്റകുറ്റപ്പണിയുടെ ചിത്രങ്ങൾ പുറത്തുവന്നത്.
ഗൗരിഗഞ്ചിലെ രാഹുലിന്റെ വസതി വൃത്തിയാക്കുന്നതും നവീകരിക്കുന്നതുമായ വീഡിയോയും ചിത്രങ്ങളുമാണ് പുറത്തുവന്നത്. മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ വീണ്ടും ജനവിധി തേടുമെന്നും അതിനാലാണ് വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതെന്നുമുള്ള അഭ്യൂഹങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
എന്നാൽ സാധാരണ അറ്റകുറ്റപ്പണി മാത്രമാണ് നടക്കുന്നതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. മുതിർന്ന കോൺഗ്രസ് നേതാവ് ദീപക് സിംഗ് ആണ് വിഷയത്തിൽ പ്രതികരിച്ചത്. മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കാത്തതിനാൽ കോൺഗ്രസ് പ്രവർത്തകർക്ക് പ്രചാരണം നടത്താനാവാത്ത സ്ഥിതിയാണ്. ആർക്ക് വേണ്ടി വോട്ട് ചോദിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് അവർ.
രാഹുൽ അമേഠിയിൽ നിന്നും പ്രിയങ്ക റായ്ബറേലിയിൽ നിന്നും മത്സരിക്കുമെന്നാണ് അഭ്യൂഹം. ഏപ്രിൽ 26ന് നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് സൂചന. മെയ് 20ന് അഞ്ചാം ഘട്ടത്തിലാണ് രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമൃതി ഇറാനിയോട് കനത്ത പരാജയമാണ് രാഹുലിന് അമേഠിയിൽ ഏറ്റുവാങ്ങേണ്ടി വന്നത്.















