മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. സംവിധായകനായും നടനായും മുഴുനീള ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
മോഹൻലാലിന് സഹായങ്ങൾ നൽകുന്ന സംവിധായകന്‍ ടി കെ രാജീവ് കുമാറും ഛായാഗ്രാഹകന്‍ സന്തോഷ് ശിവനെയും ദൃശ്യങ്ങളിൽ കാണാം. ബറോസിലെ അനിമേഷൻ രംഗങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019-ലായിരുന്നു ബറോസിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഒഫീഷ്യല്‍ലോഞ്ച് 2021-ലായിരുന്നു.
വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം. ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍ എന്ന പേരിലുള്ള നോവല്‍ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.
170 ദിവസം നീണ്ടു നിന്ന സിനിമയുടെ ചിത്രീകരണവും പൂർത്തിയായെങ്കിലും റിലീസ് തീയതി ഇതുവരെയും പുറത്തു വന്നിട്ടില്ല. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്.















