ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും ‘ഔറംഗസേബ് ചിന്താധാര’യിൽ പരിശീലനം നേടിയവരാണെന്ന വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. അവരുടെ വാക്കുകളിൽ മാത്രമേ ജനാധിപത്യം നിലനിൽക്കുന്നുള്ളു. ഹൃദയത്തിലും മനസ്സിലും ശരീഅത്ത് ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഹൈദരാബാദിലെ ബിജെപി സ്ഥാനാർത്ഥി മാധവി ലതയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിൽ ഒവൈസിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയ രാഹുൽഗാന്ധിയുടെ നീക്കത്തെയും അദ്ദേഹം പരിഹസിച്ചു. “ഒവൈസിയുടെ ബി ടീം ആണോ രാഹുൽ ഗാന്ധി അതോ രാഹുൽ ഗാന്ധിയുടെ ബി ടീം ആണോ ഒവൈസി” അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധി ഒവൈസിയുടെ വർഗീയ അജണ്ടയുടെ കച്ചവടക്കാരനാണോ എന്ന് ചോദിച്ച കേന്ദ്രമന്ത്രി ഇതാണ് കോൺഗ്രസ്സിന്റെ പ്രകടന പത്രികയിൽ നിന്ന് വ്യക്തമാകുന്ന കാര്യമെന്നും കൂട്ടിച്ചേർത്തു. രാഹുലിനെ അമേഠിയിലെ സ്ത്രീകൾ തോൽപ്പിച്ചതുപോലെ ഒവൈസിയെ ഹൈദരാബാദിലെ സ്ത്രീകൾ തോൽപ്പിക്കുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. കള്ളവോട്ടിന്റെ സഹായത്തോടെയാണ് മുൻപും ഒവൈസി ജയിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ലൗ ജിഹാദിൽ മകൾ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന കർണാടകയിലെ കോൺഗ്രസ് പാർട്ടി കൗൺസിലറുടെ ആവശ്യത്തോട് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും മൗനം പാലിക്കുകയാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ലൗ ജിഹാദിന്റെ പേരിൽ ഇനിയും എത്ര പെൺമക്കളെ ബലികൊടുക്കുമെന്ന് ഇരകളുടെയും കുറ്റാരോപിതരുടെയും പേരുകൾ വായിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. പ്രതികളോടുള്ള കോൺഗ്രസിന്റെ സഹതാപ മനോഭാവം അവരുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് തെളിവാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
സനാതന ധർമ്മത്തെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. “അവർ രാമക്ഷേത്ര നിർമ്മാണത്തെ എതിർക്കുകയും അതിന്റെ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിക്കുകയും രാമസേതു സാങ്കൽപ്പികമെന്ന് വിളിക്കുകയും ചെയ്തു. ഇവർക്കുള്ള തക്കതായ മറുപടി ആയിരിക്കും തെരഞ്ഞെടുപ്പ് ഫലം,” അദ്ദേഹം പറഞ്ഞു.