ബെംഗളൂരു: വോട്ട് കിട്ടാൻ പഠിച്ച പണി പതിനെട്ടും പയറ്റി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്യില്ലെന്ന് തീരുമാനിച്ചാലും, താൻ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ തന്റെ ശവസംസ്കാര ചടങ്ങിനെങ്കിലും പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജില്ലയായ കലബുറഗിയിലെ ജനങ്ങളോടാണ് ഖർഗെയുടെ വൈകാരികമായ അഭ്യർത്ഥന.
കോൺഗ്രസ് സ്ഥാനാർത്ഥിയെ ജനങ്ങൾ പിന്തുണച്ചില്ലെങ്കിൽ കലബുറഗിയിൽ തനിക്ക് സ്ഥാനമില്ലെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കോൺഗ്രസ് ജയിച്ചില്ലെങ്കിൽ ഇവിടുത്തെ വോട്ടർമാരുടെ ഹൃദയത്തിൽ സ്ഥാനമില്ലെന്ന് വിചാരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വൈകാരികമായ വാക്കുകളിലൂടെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ വോട്ട് തേടുന്നത്.
ഖർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണിയാണ് കലബുർഗിയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടുന്നത്. സിറ്റിംഗ് എംപിയും ബിജെപിയുടെ ശക്തനായ നേതാവുമായ ഉമേഷ് ജാദവാണ് എതിരാളി. പരാജയപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണോ ഖാർഗെ മുതലക്കണ്ണീർ പൊഴിക്കുന്നതെന്ന് ജനങ്ങൾ ചോദിക്കുന്നുണ്ട്.
കാലങ്ങളായി കോൺഗ്രസ് കോട്ടയായിരുന്ന കലബുർഗിയിൽ അട്ടിമറി വിജയമാണ് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചത്. 2009-ലും 2014-ലും ഖർഗെ മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി വിജയം കൈവരിക്കുകയായിരുന്നു. അതേ സ്ഥാനാർത്ഥിയെ തന്നെയാണ് ഇത്തവണയും ബിജെപി കളത്തിലിറക്കുന്നത്. ഈ ഭയമാണ് ഖാർഗെയെ നെട്ടോട്ടമോടിക്കുന്നതെന്ന പരിഹാസവും ഉയരുന്നുണ്ട്.