ശ്രീനഗർ ; ജമ്മു കശ്മീരിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന് പിന്നിൽ വിദേശ ഭീകരൻ അബു ഹംസയാണെന്ന് കണ്ടെത്തൽ . ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബ നേതാവാണ് അബു ഹംസ .
അബു ഹംസയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അബു ഹംസ(32)യുടെ പോസ്റ്ററും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ആക്രമണസമയത്ത് തവിട്ടുനിറത്തിലുള്ള ഷാൾ ധരിച്ച പഠാണി സ്യൂട്ടാണ് ഇയാൾ ധരിച്ചിരുന്നതെന്നും പറയപ്പെടുന്നു.
ഷരീഫ്, ദേർ കി ഗാലി മേഖലകളിൽ അബു സജീവമാണെന്ന് പൊലീസ് പറയുന്നു. ഇവിടെ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ട്. ഇതിനെക്കുറിച്ച് വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.ഏപ്രിൽ 22ന് രാത്രി രജൗരിയിലെ വീടിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് 40 കാരനായ മുഹമ്മദ് റസാഖ് കൊല്ലപ്പെട്ടത് . കുന്ദ തോപ്പെ ഷഹ്ദര ഷെരീഫിലെ താമസക്കാരനായിരുന്നു. റസാഖിന്റെ സഹോദരങ്ങൾ സൈനികരാണ്.
19 വർഷം മുമ്പ് ഇതേ ഗ്രാമത്തിൽ വെച്ച് റസാഖിന്റെ പിതാവ് മുഹമ്മദ് അക്ബറിനെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു. ക്ഷേമ വകുപ്പിൽ ജോലിക്കാരനായിരുന്ന പിതാവ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് റസാഖിന് ജോലി ലഭിച്ചത്. അമേരിക്കൻ നിർമ്മിത എം4 റൈഫിളുകളും പിസ്റ്റളുകളും ഉപയോഗിച്ചായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. എം4 റൈഫിൾ ബുള്ളറ്റുകൾ പൊലീസ് കണ്ടെടുത്തു.