ബാഴ്സലോണ വിടില്ലെന്ന് പരിശീലകൻ സാവി ഹെർണാണ്ടസ്. മാനേജ്മെന്റുമായി നടന്ന ചർച്ചകൾക്ക് ഒടുവിലാണ് ക്ലബ്ബ് വിടുമെന്ന തീരുമാനത്തിൽ നിന്ന് സാവി പിൻമാറിയത്. ക്ലബ്ബ് പ്രസിഡന്റ് ജൊവാൻ ലപോർട്ടയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. അടുത്ത സീസണിലും ടീമിനൊപ്പം സാവിയുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം ക്ലബ്ബ് വൈസ് പ്രസിഡന്റ് റാഫ യുസ്‌തെയും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ജനുവരിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ വിയ്യാറയലിനോട് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് സാവി താൻ ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചത്. കരാർ ബാക്കിയുള്ളപ്പോഴായിരുന്നു ആരാധകരെ പോലും ഞെട്ടിച്ചുകെണ്ടുള്ള സാവിയുടെ പ്രഖ്യാപനം.
നിലവിൽ ലാ ലിഗയിൽ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ പിഎസ്ജിയോട് തോറ്റ് പുറത്താകുകയും ചെയ്തു. എങ്കിലും സാവിയിൽ വിശ്വാസമർപ്പിക്കാൻ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു. 2021-ൽ ബാഴ്സലോണയുടെ പരിശീലകനായി എത്തിയ സാവി 2022-23 സീസണിൽ ക്ലബ്ബിനെ ലാ ലിഗ കിരീടത്തിലേക്കും നയിച്ചു.















