ബിഹാറിലെ ചെറിയൊരു ഗ്രാമത്തിൽ നിന്നും തരംഗം സൃഷ്ടിച്ച ഭക്ഷണമാണ് പാനിപൂരി. മധുരവും പുളിയും എരിവും കലർന്ന ഈ ഭക്ഷണം കുറഞ്ഞ നാളുകൾക്കുളളിൽ തന്നെ മലയാളിയുടെ ഇഷ്ടവിഭവമായി മാറി. ഇപ്പോൾ കടല് കടന്ന് ഓസ്ട്രേലിയയിലെ ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവമായി മാറിയിരിക്കുകയാണ് ഈ ഉത്തരേന്ത്യൻ രുചി.
സുമീത് സൈഗാൾ എന്ന ഇന്ത്യൻ വംശജയുടെ പാചക വൈവിധ്യത്തിലൂടെ മാസ്റ്റർ ഷെഫ് ഓസ്‌ട്രേലിയ സീസൺ 16ൽ ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യക്കാരുടെ ഈ ഇഷ്ട വിഭവം. പാനിപൂരി കഴിക്കുന്ന മാസ്റ്റർ ഷെഫ് വിധികർത്താക്കളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ട്രെൻഡിംഗ്.
മസാല ചേർത്ത് വേവിച്ച ഉരുളക്കിഴങ്ങും, മല്ലിയില ചട്‌നിയും, പുളി വെള്ളവും മറ്റ് ചേരുവകളും ചേർത്തുണ്ടാക്കിയ പാനിപൂരിയാണ് സുമീത് വിധികർത്താക്കൾക്ക് നൽകിയത്. പാനിപൂരി എങ്ങനെ കഴിക്കണമെന്നും സുമീത് വിധികർത്താക്കൾക്ക് പറഞ്ഞു നൽകുന്നുണ്ട്. പാനിപൂരി കഴിച്ചതും ” വൗ” എന്നാണ് വിധികർത്താക്കൾ പറഞ്ഞത്. അവർ സുമീതിനെ അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാം.
View this post on Instagram
” വിധികർത്താക്കൾ പാനിപൂരി ആസ്വദിച്ച് കഴിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അവർക്ക് പാനിപുരി വളരെയധികം ഇഷ്ടപ്പെട്ടു”- സുമീത് കുറിച്ചു. സ്വപ്ന സാക്ഷാത്കാരത്തിനുളള അവസരം ആണെന്ന് ഉറപ്പിച്ചതോടെ ജോലി രാജിവെച്ചു. ഇതിന് മുമ്പ് ഇന്ത്യൻ വംശജരായ ശശി ചേലിയ, ജസ്റ്റിൻ നാരായണൻ എന്നിവരും മാസ്റ്റർ ഷെഫിൽ വിജയികളായിരുന്നു. ഇരട്ടകുട്ടികളുടെ അമ്മ കൂടിയാണ് സുമീത് സൈഗാൾ. പാചകം വളരെയധികം ഇഷ്ടപ്പെട്ടിരുന്ന സുമീതിന് സെയിൽസ് മാനേജറായി ജോലി ചെയ്ത് വരുന്നതിനിടെയാണ് മാസ്റ്റർ ഷെഫ് ഓസ്ട്രേലിയയിലേക്ക് അവസരം ലഭിച്ചത്.















