ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ സപ്പോർട്ട് സ്റ്റാഫായി ജോലി ചെയ്ത് വരികയായിരുന്ന 10 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ച് ഇന്ത്യയിലെത്തിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. റഷ്യയിൽ പലയിടങ്ങളിലായി സമാന ജോലി ചെയ്യുന്ന എല്ലാവരുടേയും മടങ്ങിവരവ് ഉറപ്പാക്കുമെന്നും, ഇതിനായി ഇന്ത്യ റഷ്യയ്‌ക്ക് മേൽ സമ്മർദ്ദം ചെലുത്തിയതായും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
ഇന്ത്യയിൽ തിരികെ എത്തിയവരെ എല്ലാം അവരുടെ സ്വന്തം നാടുകളിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു. റഷ്യൻ സൈന്യത്തിൽ സപ്പോർട്ട് സ്റ്റാഫായി ജോലി ചെയ്ത് വരികയായിരുന്ന രണ്ട് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായിരുന്നു. പിന്നാലെ ഇത്തരത്തിലുളള ജോലികൾ ഏറ്റെടുത്ത് സ്വന്തം ജീവൻ അപകടത്തിലാക്കരുതെന്നും കഴിഞ്ഞ മാസം ഇന്ത്യൻ പൗരന്മാർക്ക് മന്ത്രാലയത്തിന്റെ നിർദേശം ലഭിച്ചിരുന്നു.
റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ ഇന്ത്യക്കാരുടേയും വിവരങ്ങൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയം, റഷ്യയിലെ വിവിധ സംഘടനകൾ എന്നിവരുടെ കൂടി സഹായത്തോടെയാണ് നീക്കം. നാട്ടിലേക്ക് മടങ്ങാൻ താത്പര്യം അറിയിച്ച് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരേയും തിരികെ എത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും രൺധീർ ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.
” മടങ്ങാൻ സന്നദ്ധത അറിയിച്ച എല്ലാവരേയും തിരികെ എത്തിക്കാനുള്ള ഉറപ്പ് റഷ്യയുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള വിശദാംശങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. കശ്മീരിൽ നിന്നുള്ള ഒരു യുവാവിന്റെ ബന്ധുക്കൾ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഈ വിഷയത്തിൽ റഷ്യൻ അധികാരികളുമായി സംസാരിക്കുന്നുണ്ടെന്നും” അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം മുതൽ 200ഓളം ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിന്റെ ഭാഗമായിട്ടുണ്ടെന്നാണ് കണക്ക്.