ന്യൂഡൽഹി: ഈ വർഷം ജൂണിൽ ഇറ്റലിയിലെ പുഗ്ലിയയിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ സമൂഹമാദ്ധ്യമം വഴി പങ്കുവച്ചിട്ടുണ്ട്.
വിമോചന ദിനത്തിന്റെ 79ാം വാർഷികത്തോടനുബന്ധിച്ച് ഇരുനേതാക്കളും തമ്മിൽ ഫോൺ സംഭാഷണം നടത്തിയിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണത്തിന് ജോർജിയെ മെലോണിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂൺ 13 മുതൽ ജൂൺ 15 വരെയാണ് ജി7 ഉച്ചകോടി ഔട്ട്‌റീച്ച് സെഷനുകൾ നടക്കുന്നത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും, ആഗോള സംഭവവികാസങ്ങളെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
” ഇന്ന് ഇറ്റലി വിമോചന ദിനം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ഫോണിൽ സംസാരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ജൂണിൽ നടക്കുന്ന ജ7 ഉച്ചകോടിയിലേക്ക് ലഭിച്ച ക്ഷണത്തിനും അവരെ നന്ദി അറിയിച്ചു. ജി20 ഇന്ത്യയുടെ ഭാഗമായി ഉരുത്തിരിഞ്ഞ ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ചും സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും സംസാരിച്ചതായി” പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായും ജോർജിയ മെലോണി സംസാരിച്ചതായി ഇറ്റാലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രെയ്ൻ-റഷ്യ സംഘർഷം, മിഡിൽ ഈസ്റ്റിലെ നിലവിലെ സംഭവവികാസങ്ങൾ, എഐ സാങ്കേതികവിദ്യ, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ എന്നിവയെല്ലാം ചർച്ചയായതായി ഇവർ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണം സ്വീകരിച്ച് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഹിരോഷിമയും സന്ദർശിച്ചിരുന്നു.















