കോഴിക്കോട്: കക്കടാംപൊയിലിൽ വോട്ട് ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച് അപകടം. കൂബാറ സ്വദേശി ജോൺ എബ്രഹാമിന്റെ കാറാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
ജോണിന്റെ ഭാര്യയും, സഹോദരിയുമാണ് ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്നത്. കക്കടാംപൊയിലിലെ 94-ാം ബൂത്തിലായിരുന്നു ഇവരുടെ വോട്ട്. ഇവിടേക്ക് പോകുന്ന വഴി കാറിൽ നിന്ന് പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ കുടുംബം കാറിൽ നിന്ന് വേഗം ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
തീപിടിച്ച കാർ മറ്റൊരു കാറിനെയും ഇടിച്ചിരുന്നു. എന്നാൽ മറ്റ് അപകടങ്ങളുണ്ടായില്ലെന്നും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടതെന്നും ജോൺ പറഞ്ഞു. അഗ്‌നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. കാർ പൂർണമായും കത്തിനശിച്ച നിലയിലാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.