തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞു വീണ് മരിച്ചത് ഏഴ് പേർ. പാലക്കാട് പുതുശേരിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. വിളയോടി പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ (73) ആണ് കുഴഞ്ഞു വീണ് മരിച്ചത്.
പാലക്കാട് തേൻകുറിശ്ശി സ്വദേശിയായ യുവാവും വോട്ട് രേഖപ്പെടുത്തുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചിരുന്നു. 32കാരനായ ശബരി ആണ് മരിച്ചത്. പാലക്കാട് തേൻകുറിശ്ശി വടക്കേത്തറ എൽപി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ ശബരി കുഴഞ്ഞു വീഴുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചുനങ്ങാടിൽ വോട്ട് രേഖപ്പെടുത്തി പുറത്തേക്കിറങ്ങിയതിന് പിന്നാലെ 68കാരൻ കുഴഞ്ഞുവീണ് മരിച്ചു. ചുനങ്ങാട് സ്വദേശി ചന്ദ്രൻ ആണ് മരിച്ചത്. വാണിവിലാസിനി ബൂത്തിൽ വോട്ട് രേഖപ്പെടുത്തി ഇറങ്ങിയതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു.
കോഴിക്കോട് വോട്ട് ചെയ്യാനെത്തിയ 65 വയസുകാരിയും ബുത്തിൽ കുഴഞ്ഞ് വീണു മരിച്ചു. വളയം യു.പി സ്‌കൂളിൽ 3.45ഓടെയായിരുന്നു സംഭവം. വളയം ചെറുമോത്ത് സ്വദേശിനി കുന്നുമ്മൻ മാമി (65) ആണ് മരിച്ചത്. ജില്ലയിൽ കുറ്റിച്ചിറ സ്‌കൂളിൽ വച്ച് റിട്ട. കെ.എസ്ഇബി എൻജീനിയർ അനീസ് അഹമ്മദും കുഴഞ്ഞു വീണ് മരിച്ചിരുന്നു.
മലപ്പുറത്ത് വോട്ട് ചെയ്ത ശേഷം നിറമരൂർ സ്വദേശിയായ 65കാരൻ സിദ്ധിഖ് മൗലവിയും മരിച്ചു. നിറമരുതൂർ ബൂത്തിലെ ആദ്യ വോട്ടർ ആയിരുന്നു. ആലപ്പുഴ കാക്കാഴത്തും വയോധികൻ കുഴഞ്ഞു വീണ് മരിച്ചു. 82കാരനായ സോമരാജൻ ആണ് മരിച്ചത്.















