കോട്ടയം: കേന്ദ്രഭരണം മാറണമെന്ന അഭിപ്രായം തങ്ങൾക്ക് ഇല്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. ആര് ഭരണത്തിൽ വന്നാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും ഇപ്പോഴത്തെ സർക്കാർ മതേതരമല്ല എന്നൊരു അഭിപ്രായം തങ്ങൾക്ക് ഇല്ലെന്നും അദ്ദഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഓർത്തഡോക്സ് സഭയ്ക്ക് സമദൂര നിലപാടാണ് ഉള്ളത്. ഇത് ജനാധിപത്യ രാഷ്ട്രമാണ്. മതേതര രാഷ്ട്രമാണ് ഇന്ത്യ. അത് അതേ പോലെ തുടരണമെന്ന് തന്നെയാണ് ആഗ്രഹം. മതേതരത്വം, ജനാധിപത്യം എന്നിവ ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങൾ. അത് എന്നും നിലനിൽക്കണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. പുതിയ എംപിമാർ വരുമ്പോൾ അവർ അവരുടെ നിലപാടിനനുസരിച്ച് പ്രവർത്തിക്കട്ടെ” എന്നും കാതോലിക്കാ ബാവ പറഞ്ഞു.
മോദി സർക്കാരിന്റെ ഭരണത്തിൽ അതൃപ്തിയും ഇല്ലെന്നാണ് കാതോലിക്കാ ബാവ വ്യക്തമാക്കുന്നത്. എൻഡിഎ മുന്നണിക്ക് അനുകൂല മറുപടിയാണ് അദ്ദേഹം മാദ്ധ്യമപ്രവർത്തകർക്ക് നൽകിയത്.