മുൻ ഇന്ത്യൻ താരവും ഏകദിന ലോകകപ്പ് ഹീറോയുമായ യുവരാജ് സിംഗ് പുരുഷ ടി20 ലോകപ്പ് 2024 ന്റെ ബ്രാൻഡ് അംബാസഡർ. കുട്ടി ക്രിക്കറ്റിന്റെ കാർണിവൽ തുടങ്ങാൻ 36 ദിവസം ശേഷിക്കെയാണ് ഐസിസിയുടെ പ്രഖ്യാപനം. നേരത്തെ സ്പ്രിൻ്റ് ഇതിഹാസം ഉസൈൻ ബോൾട്ടിനെയും വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ലിനെയും ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡർമാരാക്കിയിരുന്നു. ആഗോള തലത്തിൽ ക്രിക്കറ്റിന്റെ പ്രചാരണം വർദ്ധിപ്പിക്കാണ് ഐസിസിയുടെ നിയമനങ്ങൾ.
യുവരാജ് അടക്കമുള്ളവർ ലോകകപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ ചടങ്ങുകളുടെ ഭാഗമാകും. പഴയ ഓർമ്മകളിലേക്ക് മടങ്ങിയ യുവി ലോകകപ്പിന്റെ ഭാഗമാകുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. ടി20 ലോകകപ്പിന്റെ പ്രഥമ സീസണിൽ ഇംഗ്ലണ്ടിനെതിരെ ഓരോവറിന്റെ ആറു പന്തും അതിർത്തിവര കടത്തി യുവരാജ് ചരിത്രം സൃഷ്ടിച്ചിരുന്നു. കന്നിക്കിരീടവും ഇന്ത്യയാണ് സ്വന്തമാക്കിയത്.ജൂൺ ഒന്നു മുതൽ 29 വരെയാണ് ലോകകപ്പ്. അമേരിക്കയിൽ ആദ്യമായി നടക്കുന്ന ഐസിസി ടൂർണമെൻ്റിന് വിൻഡീസും വേദിയാകുന്നുണ്ട്. 20 ടീമുകളാണ് ഇത്തവണ പോരാടുന്നത്.