കോഴിക്കോട്: നാദാപുരത്ത് കള്ളവോട്ട് ചെയ്യാനെത്തിയ യുവാവ് പിടിയിൽ. ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തിയ യുവാവിനെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു വയ്‌ക്കുകയായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന അസിനാസ് എന്ന വ്യക്തിയുടെ വോട്ടാണ് ആൾമാറാട്ടം നടത്തി രേഖപ്പെടുത്താൻ ഇയാൾ ശ്രമിച്ചത്.
നാദാപുരം നിയോജക മണ്ഡലത്തിലെ 25-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് രേഖപ്പെടുത്താൻ ശ്രമം നടന്നത്. ബൂത്ത് പ്രവർത്തിക്കുന്ന തൂണേരി കണ്ണംങ്കൈ ഗവൺമെന്റ് സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്താൻ ഇയാൾ ശ്രമിക്കുന്നതിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടമാണെന്ന് വ്യക്തമായത്. ഇതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും പൊലീസ് പിടികൂടിയിരുന്നു. കള്ളവോട്ട് ചെയ്യാനെത്തിയ ആറാം മൈൽ സ്വദേശി ബിജുവിനെയാണ് ബൂത്ത് ഏജന്റുമാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.















