തിയേറ്ററുകളിൽ യുവത്വത്തിന് ആവേശമായി മാറിയ ചിത്രമാണ് ഫഹദ് ഫാസിൽ നായകനായ ‘ആവേശം’. ഓരോ ദിവസം കഴിയുമ്പോഴും കളക്ഷനിൽ കുതിക്കുകയാണ് ചിത്രം. 350-ലധികം സ്ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദർശനം തുടരുന്നത്. മൂന്നാമത്തെ ആഴ്ച ആകുമ്പോഴും കളക്ഷനിൽ ഒട്ടും പിന്നോട്ടില്ലാതെ മുന്നേറുകയാണ് ആവേശം.
റിലീസ് ചെയ്ത് അഞ്ചാം ദിവസം ചിത്രം അമ്പത് കോടി ക്ലബ്ബിലെത്തിയിരുന്നു. ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതമാണ് സിനിമയുടെ കാതൽ. ചിത്രത്തിലെ പാട്ടിനും ആരാധകരേറെയാണ്. ചിരിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ജിത്തു മാധവന്റെ ആദ്യ ചിത്രമായ രോമാഞ്ചത്തിന്റെ അതേ പാറ്റേണിലാണ് ആവേശവും ഒരുക്കിയിരിക്കുന്നത്.
ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ചിത്രം നിർമിച്ചത്.