സായ് സുദർശനും ഷാരൂഖ് ഖാനും നയിച്ച ബാറ്റിംഗ് നിരയുടെ പ്രകടനം തുണച്ചു, ആർ.സി.ബിക്കെതിരെ ഗുജറാത്തിന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് ഗുജറാത്ത് നേടിയത്. ഒപ്പണിംഗിൽ പതറിയ ഗുജറാത്തിനെ മദ്ധ്യനിരയിൽ ഒന്നിച്ച ഷാരൂഖ്-സായ് സുദർശൻ സഖ്യമാണ് കരകയറ്റിയത്. 45 പന്തിൽ 86 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.
49 പന്തിൽ 84 റൺസെടുത്ത സായ് സുദർശനാണ് ടോപ് സ്കോറർ. 30 പന്തിൽ 58 റൺസടിച്ച ഷാരൂഖ് ഖാനും ഭേദപ്പെട്ട പ്രകടനം നടത്തി. മുഹമ്മദ് സിറാജിന്റെ പന്തിൽ ബൗൾഡായി പുറത്താകുമ്പോൾ 131 റൺസായിരുന്നു സ്കോർ ബോർഡിൽ. പിന്നീട് ക്രീസിലെത്തിയ ഡേവിഡ് മില്ലറാണ് (19 പന്തിൽ 26) ഗുജറാത്ത് സ്കോർ 200 കടത്തിയത്. സായ് സുദർശൻ നാല് സിക്സ് പറത്തിയപ്പോൾ സീസണൽ ആദ്യമായി ഫോമിലായ ഷാരൂഖ് അഞ്ചെണ്ണം അതിർത്തിവര കടത്തി.
വൃദ്ധിമാൻ സാഹ അഞ്ചു റൺസുമായും ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 16 റൺസുമായും കൂടാരം കയറി. മാക്സ് വെൽ, സ്വപ്നിൽ സിംഗ്, മുഹമ്മദ് സിറാജ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. മറുപടി ബാറ്റിംഗിൽ തകർപ്പൻ തുടക്കമാണ് ആർ.സി.ബിക്ക് ലഭിച്ചത്. മൂന്നോവറിൽ 33 റൺസാണ് ഓപ്പണർമാർ ചേർന്ന് നേടിയത്.