ചേസിംഗ് മാസ്റ്ററുടെ ക്ലാസും വിൽ ജാക്സിന്റെ മാസും ചേർന്നതോടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാണംകെട്ട് ഗുജറാത്ത്. നാലോവർ ശേഷിക്കെ 9 വിക്കറ്റിന് ഗുജറാത്തിന്റെ കൂറ്റൻ ടോട്ടൽ മറികടന്ന് മൂന്നാം ജയം സ്വന്തമാക്കി ആർ.സി.ബി. ഐപിഎല്ലിലെ കന്നി സെഞ്ച്വറി 41-ാം പന്തിലാണ് വിൽ ജാക്സ് സ്വന്തമാക്കിയത്.201 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർ.സി.ബിക്ക് നായകൻ ഫാഫ് വിസ്ഫോടന തുടക്കമാണ് നൽകിയത്.
എന്നാൽ അത് വലിയ സ്കോറാക്കി മാറ്റാനാകാതെ 12 പന്തിൽ 24 റൺസുമായി മടങ്ങി. പിന്നീട് ക്രീസിലൊരുമിച്ച വിൽ ജാക്സും കോലിയും കരുതലോടെ തുടങ്ങി കത്തിക്കയറുകയായിരുന്നു. 74 പന്തിൽ ഇരുവരും ചേർന്ന് ഗുജറാത്ത് ബൗളർമാരെ പഞ്ഞിക്കിട്ട് 166 റൺസാണ് അടിച്ചുകൂട്ടിയത്. 44 പന്തിൽ 70 റൺസെടുത്ത കോലി സീസണിലെ സമ്പാദ്യം 500 ആക്കി ഉയർത്തി. ഏഴാം തവണയാണ് കോലി ഒരു ഐപിഎൽ സീസണിൽ 500 റൺസോ അതിന് മുകളിലോ സ്കോർ ചെയ്യുന്നത്.
32 പന്തിൽ തന്റെ 54-ാം അർദ്ധ ശതകം കുറിച്ച കോലി ചേസിംഗിൽ താൻ മാസ്റ്ററാണെന്ന് ഒരിക്കൽക്കൂടി അടിവരയിട്ടു. വിൽ ജാക്സും മുൻ നായകന് പൂർണ പിന്തുണ നൽകി.31 പന്തിൽ അർദ്ധ ശതകം പൂർത്തിയാക്കിയ ജാക്സ് 41-ാം പന്തിൽ കന്നി ശതകം നേടുകയായിരുന്നു. 5 ഫോറും പത്ത് സിക്സും പറത്തിയാണ് താരം വിസ്ഫോടന ഇന്നിംഗ്സ് കാഴ്ചവച്ചത്.റാഷിദ് ഖാന്റെ ഓരോവറിൽ 28 റൺസാണ് ജാക്സ് അടിച്ചെടുത്തത്. ആർ.സി.ബി ബാറ്റർമാർ താളം കണ്ടെത്തിയതോടെ ആറുപേരെ മാറി മാറി പരീക്ഷിച്ചിട്ടും ഗുജറാത്ത് നായകന് ഒന്നും ചെയ്യാനായില്ല. സായ് കിഷേറാന് ഒരുവിക്കറ്റ് ലഭിച്ചു.ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താനും ആർ.സി.ബിക്ക് കഴിഞ്ഞു.