ലക്നൗ: യുപി സർക്കാരിനെയും ബിജെപിയെയും അധിക്ഷേപിച്ചതിന് ബിഎസ്പി അദ്ധ്യക്ഷ മായാവതിയുടെ അനന്തരവനും ബിഎസ്പി ദേശീയ കോഓർഡിനേറ്ററുമായ ആകാശ് ആനന്ദ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്. ബിജെപി സർക്കാരിനെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തോട് ഉപമിക്കുകയും കള്ളന്മാരുടെ പാർട്ടിയാണെന്ന് അധിക്ഷേപിക്കുകയും ചെയ്തതിന് പിന്നാലെയാണ് കേസെടുത്തത്.
സീതാപൂർ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർത്ഥി മഹേന്ദ്ര യാദവ്, ശ്യാം അവസ്തി, അക്ഷയ് കൽറ, വികാസ് രാജ്വംശി എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 സി, 153 ബി, 188, 502 (2), ആർപി ആക്‌ട് സെക്ഷൻ 125 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
രാജ്യദ്രോഹികളാണ് ഉത്തർപ്രദേശ് ഭരിക്കുന്നത്. ബിജെപി യുവാക്കളെ പട്ടിണിക്കിടുകയും പ്രായമായവരെ അടിമകളാക്കുകയും ചെയ്യുന്നു. അഫ്ഗാൻ ഭരിക്കുന്ന തീവ്രവാദ സർക്കാരിന് സമാനമാണ് ഇതെന്നുമായിരുന്നു ആകാശ് ആനന്ദിന്റെ അധിക്ഷേപ പരാമർശം.
ഉത്തർപ്രദേശിൽ ബുൾഡോസർ സർക്കാരാണ് നിലവിലുള്ളത്. സ്ത്രീ സുരക്ഷ ഉറപ്പാക്കാനും കുട്ടികൾക്ക് പോഷകാഹാരം നൽകാനും കഴിയാത്ത സർക്കാരിനെ ഓർത്ത് ലജ്ജിക്കുന്നു. കള്ളന്മാരുടെ പാർട്ടിയാണ് ബിജെപി തുടങ്ങിയ വിവാദ പരാമർശങ്ങളാണ് ആകാശ് പടച്ചുവിട്ടത്. ഉത്തർപ്രദേശിലെ സീതാപൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയായിരുന്നു അധിക്ഷേപം.
ആകാശ് ആനന്ദിന്റെ വിവാദ പരാമർശത്തിന് പിന്നാലെ ബിജെപി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ആകാശ് വലിയ വില നൽകേണ്ടി വരുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ബിഎസ്പിയിലെ സ്വജനപക്ഷപാതത്തിന്റെ ഏറ്റവും പുതിയ മുളയാണ് ആകാശ് ആനന്ദ്. മാദ്ധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായാണ് ഇത്തരം വിവാദ പരാമർശങ്ങൾ നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനും ജനങ്ങളും ഇതിനുള്ള മറുപടി കൊടുക്കണമെന്നും ബിജെപി പറഞ്ഞു.















