ന്യൂഡൽഹി: ബംഗാളിൽ കസ്ബ മണ്ഡലം പ്രസിഡന്റ് സരസ്വതി സർക്കാരിനെതിരായ ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. സ്ത്രീ സുരക്ഷ എന്നത് ബംഗാളിൽ ഇന്ന് നടപ്പാകുന്നില്ലെന്നും, പല സ്ത്രീകൾക്കും അവിടുത്തെ ജീവിതം പേടിസ്വപ്‌നമാണെന്നും മണിക് സാഹ ആരോപിച്ചു.
” പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയും ഒരു സ്ത്രീയാണ്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമെല്ലാം ഒരു സ്ത്രീ ആയിരുന്നിട്ട് കൂടി കൊൽക്കത്ത സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത നഗരമായി മാറിയെങ്കിൽ, സന്ദേശ്ഖാലി എത്രത്തോളം സുരക്ഷിതമായിരിക്കും. ബംഗാളിലെ ജനങ്ങൾ ഇത് കണ്ടുകൊണ്ട് ഇരിക്കുകയാണ്. അവർ ഇതിന് മറുപടി നൽകും” മണിക് സാഹ പറയുന്നു.
സരസ്വതിയോട് സംസാരിച്ചുവെന്നും, കൊൽക്കത്തയിലെ സ്ഥിതി ഇതാണെങ്കിൽ സന്ദേശ്ഖാലിയിലെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ച് തനിക്ക് വളരെ ആശങ്ക തോന്നുന്നുണ്ടെന്നാണ് സ്മൃതി ഇറാനി വിഷയത്തിൽ പ്രതികരിച്ചത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊടി തോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെയാണ് സരസ്വതിക്ക് നേരെ തൃണമൂൽ ഗുണ്ടകൾ ആക്രമണം അഴിച്ച് വിട്ടത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആനന്ദ്പൂർ പൊലീസ് സ്റ്റേഷന് പുറത്ത് ബിജെപി പ്രവർത്തകർ സമരം ആരംഭിച്ചിട്ടുണ്ട്. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നും, മമതയുടെ ഗുണ്ടകളെ ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വ്യക്തമാക്കി.