തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവും ബന്ധുക്കളും നടുറോഡിൽ ബസ് തടഞ്ഞ് തർക്കമുണ്ടാക്കിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ പ്രതികാര നടപടിയുമായി കെഎസ്ആർടിസി. തമ്പാനൂർ ഡിപ്പോയിലെ യദുവിനെ സർവീസിൽ നിന്ന് മാറ്റി നിർത്താൻ നിർദ്ദേശം നൽകി.
എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് ഷാജിയാണ് നിർദ്ദേശം നൽകിയത്. അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യദുവിനെ ജോലിയിൽ പ്രവേശിപ്പിക്കേണ്ട തമ്പാനൂർ എടിഒ മുഹമ്മദ് ബഷീറിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിടിഒയ്‌ക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകാനും നിർദ്ദേശത്തിൽ പറയുന്നു.
ഇതിനിടെ ഡ്രൈവറുടെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഡ്രൈവർ നൽകിയ പരാതിയിൽ കതമ്പില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. മേയറുടെ പരാതിയെ പ്രതിരോധിക്കാനുള്ള ശ്രമമാണ് ഡ്രൈവറുടെ പരാതിയെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് യദു പരാതി നൽകിയതെന്നുമാണ് പൊലീസ് പറയുന്നത്.
പാളയത്ത് സിഗ്നലിൽ വാഹനം നിർത്തിയിട്ടപ്പോഴാണ് സ്വകാര്യ വാഹനം കൊണ്ടിട്ടതും ചോദ്യം ചെയ്യുകയും ചെയ്തത്. അല്ലാതെ ഓടിക്കൊണ്ടിരുന്ന വാഹനത്തെയല്ല തടസപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് യദുവിന്റെ പരാതിയിൽ കേസെടുക്കാതിരിക്കുന്നത്. പരസ്യ വിചാരണ നടത്തി, മോശമായി പെരുമാറി, എംഎൽഎ അസഭ്യം പറഞ്ഞു എന്നു തുടങ്ങിയ കാര്യങ്ങളും പരാതിയിൽ പറയുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്‌ക്ക് കേസെടുക്കാമെന്നുമാണ് പൊലീസിന്റെ വാദം. കഴിഞ്ഞ ദിവസമാണ് നടുറോഡിൽ മേയറും ഡ്രൈവറും തമ്മിൽ വാക്കുതർക്കമുണ്ടായത്.















