തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ വിമർശനം ശക്തമാകുന്നു. അർദ്ധരാത്രി യാത്രക്കാരുമായി പോവുകയായിരുന്നു കെഎസ്ആർടിസി ബസിനെ തടഞ്ഞുനിർത്തി നടുറോഡിൽ വാക്കേറ്റമുണ്ടാക്കിയ മേയർ അധികാര ദുർവിനിയോഗം നടത്തിയെന്നാണ് ആക്ഷേപം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആര്യാ രാജേന്ദ്രന്റെ വാദങ്ങൾ വ്യാജമാണെന്നും തെളിഞ്ഞിരുന്നു. ഇതോടെ കെഎസ്ആർടിസി ഡ്രൈവർക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു.
” സംശയമെന്ത് ,KSRTC ഡ്രൈവർക്കൊപ്പം തന്നെ” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. മേയറുടെ വാഹനം ബസിനെ കവച്ചുവച്ച് സിനിമാസ്റ്റൈലിൽ നിർത്തിയിട്ടിരിക്കുന്ന ദൃശ്യവും ഇതിനൊപ്പം ജോയ് മാത്യു പങ്കുവച്ചിട്ടുണ്ട്.
പാളയം സാഫല്യം കോപ്ലംക്സിന് മുന്നിൽ സിഗ്നലിൽ വച്ചായിരുന്നു വിവാദമായ സംഭവം നടന്നത്. കെഎസ്ആർടിസി ബസിന് കുറുകെ കാർ നിർത്തിയിട്ട് മേയറും സംഘവും പുറത്തിറങ്ങി ബസ് ഡ്രൈവറോട് മോശമായി പെരുമാറുകയായിരുന്നു. ബസ് യാത്ര തടഞ്ഞ് മേയർ നടത്തിയ വാക്കേറ്റത്തിന്റെ ദൃശ്യങ്ങളാണ് പിന്നീട് പുറത്തുവന്നത്. സംഭവത്തിൽ മേയർക്കെതിരെ വിമർശനങ്ങൾ കടുത്തതോടെ ഡ്രൈവർ യദുവിനെതിരെ പ്രതികാര നടപടിയും സ്വീകരിച്ചിരുന്നു. ഡ്രൈവറെ സർവീസിൽ നിന്ന് മാറ്റിനിർത്താനാണ് എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് ഷാജി നിർദേശിച്ചത്. യദു നൽകിയ പരാതിയിൽ കേസെടുക്കാനും പൊലീസ് തയ്യാറായിട്ടില്ല.















