ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ഖൽസ ഡേ ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയർന്ന സംഭവത്തിൽ കനേഡിയൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യയുടെ എതിർപ്പ് അറിയിച്ചിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിലെ ആശങ്കയും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വിഘടനവാദത്തിനും കലാപത്തിനും തീവ്രവാദത്തിനും കാനഡ നൽകുന്ന രാഷ്‌ട്രീയ ഇടം ഈ സംഭവത്തിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഈ സമീപനം ഇന്ത്യ- കാനഡ ബന്ധത്തെ മാത്രമല്ല ബാധിക്കുന്നത് സ്വന്തം രാജ്യത്തിനുളളിൽ സംഘർഷങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും അന്തരീക്ഷത്തെക്കൂടിയാണ് ഇതിലൂടെ കാനഡ പ്രോത്സാഹിപ്പിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
കാനഡയിലെ സിഖ് വിഭാഗം ടൊറാന്റോയിൽ സംഘടിപ്പിച്ച ഖൽസ ഡേ പരിപാടിയിലായിരുന്നു സംഭവം. സിഖ് സമൂഹത്തിന്റെ സ്വാതന്ത്ര്യവും അവകാശങ്ങളും സുരക്ഷയും ഉറപ്പ് നൽകാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ട്രൂഡോ ചടങ്ങിൽ പ്രഖ്യാപിച്ചിരുന്നു. വൈവിധ്യമാണ് കാനഡയുടെ ഏറ്റവും വലിയ ശക്തിയെന്ന് അവകാശപ്പെട്ട ട്രൂഡോ ഈ വൈവിധ്യങ്ങളിലും സിഖ് മൂല്യങ്ങൾ കാനഡയുടെ മൂല്യങ്ങളാണെന്ന ഓർമ്മപ്പെടുത്തൽ ഓരോ ദിവസവും നൽകുന്നുണ്ടെന്നും പറഞ്ഞു.
ഖലിസ്ഥാൻ വിഘടന വാദികളെ പ്രോത്സാഹിപ്പിക്കുന്ന കാനഡയുടെ നിലപാടിനെതിരെ ഇന്ത്യ നേരത്തെയും ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു.