ന്യൂഡൽഹി: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സഖ്യസർക്കാരിനെ ജനങ്ങൾ വിശ്വസിക്കില്ലെന്നും സ്ഥിരമായി നിൽക്കുന്ന ഒരു സർക്കാരിനെ ജനങ്ങൾക്ക് എക്കാലവും വിശ്വസിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർട്ടിക്കുള്ളിൽ തന്നെ ചേരിതിരിഞ്ഞ് പ്രവർത്തിക്കുന്നവരാണ് ഇൻഡി സഖ്യമെന്നും പ്രധാനമന്ത്രി വിമർശിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇൻഡി സഖ്യത്തിനെതിരെ തുറന്നടിച്ചത്.
” ഏതൊരു കാര്യത്തിനും ഒരു നേതാവിനെ ആവശ്യമാണ്. ഒരു ക്രിക്കറ്റ് ടീം എടുത്ത് നോക്കിയാൽ നമുക്കൊരു ക്യാപ്റ്റനെ കാണാൻ സാധിക്കും. ആ ടീമിനെ നിയന്ത്രിക്കുന്നത് ക്യാപ്റ്റനാണ്. ടീം ലീഡറുടെ ശ്രദ്ധയും അശ്രദ്ധയുമാണ് ഒരു ടീമിനെ വിജയിപ്പിക്കുന്നതും പരാജയപ്പെടുത്തുന്നതും. അത്തരത്തിൽ ഭാരതത്തിലെ ജനങ്ങളും ആഗ്രഹിക്കുന്നത് അവരെ സേവിക്കുന്ന ഒരു നേതാവിനെയാണ്. സ്ഥിരത ഇല്ലാത്ത സഖ്യകക്ഷികളെ ജനം വിശ്വസിക്കുന്നില്ല. അവർ ജനങ്ങളോട് അനീതിയാണ് കാണിക്കുന്നത്. രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച, അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച, സ്ഥിരതയുള്ള ഞങ്ങളുടെ പാർട്ടിയെ ജനങ്ങൾ ഇന്ന് വിശ്വസിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.
ഇത്രയും വലിയ രാജ്യം കൈകാര്യം ചെയ്യണമെങ്കിൽ മികച്ച നേതാവ് നമ്മുടെ രാജ്യത്തിന് ആവശ്യമാണ്. അതിനിടെയാണ് ഇൻഡി സഖ്യം ‘ ഒരു വർഷം ഒരു പ്രധാനമന്ത്രി’ എന്ന ആശയവുമായി രംഗത്തെത്തിയത്. എല്ലാ വർഷവും പുതിയ നേതാവ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും, പുതിയ സർക്കാർ രൂപീകരിക്കും. വീണ്ടും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും. രാജ്യം ഇത്തരത്തിലുള്ള തിരക്കുകളിൽപ്പെടുമ്പോൾ ജനങ്ങളുടെ ജീവിതം ദുരിതത്തിലായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ കാലത്ത് രാജ്യം കണ്ടത് അസ്ഥിരത മാത്രാണ്. എന്നാൽ അതിനൊരു മാറ്റം ഇന്ന് വന്നിരിക്കുന്നു. 140 കോടി ജനങ്ങൾ സുസ്ഥിരവും ഭൂരിപക്ഷവുമുള്ള ഒരു സർക്കാരിന് രൂപം നൽകിയെന്നും ബിജെപിയെ ആർക്കും വിശ്വസിക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി.