തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ പ്രശ്നത്തിന്റെ പേരിൽ ജോലിയിൽ നിന്ന് മാറ്റി നിർത്തിയ കെഎസ്ആർടിസി ഡ്രൈവർ യദു നീതി തേടി ഹൈക്കോടതിയിലേക്ക്. മേയർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകും. യദുവിന്റെ പരാതിയിന്മേൽ ആര്യക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യദു കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ഡ്രൈവറെ തടഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയാണ് മേയർ ചെയ്തത്. കൺട്രോൾ റൂമിൽ മേയർ വിവരം അറിയിച്ചിരുന്നു. ഡ്രൈവറുടെ ആരോപണം പരാതിക്കൊപ്പം അന്വേഷിക്കാമെന്നുമായിരുന്നു പൊലീസ് നിലപാട്.
ആര്യയും ഭർത്താവ് സച്ചിൻ ദേവും സഞ്ചരിച്ച കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞതിന്റെ സിസിടിവി ദൃശങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. പൊലീസും കെഎസ്ആർടിസി ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയതിന് ശേഷമാണ് യദുവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അതുകൊണ്ട് ഡ്യൂട്ടി തടസപ്പെടുത്തിയെന്ന് കാണിച്ച് കേസെടുക്കാനാവില്ലെന്നാണ് പൊലീസിന്റെ വിചിത്രവാദം.
ജയിക്കാൻ വേണ്ടി അവർ പല കഥകളും പറയും. കോടതി വെറുതെ വിട്ട കേസാണ് ഇപ്പോൾ സിപിഎംക്കാർ കുത്തിപ്പൊക്കി കൊണ്ട് വരുന്നത്. നിരപരാധിയായ തന്നെ അന്ന് നിയമവും കോടതിയുമാണ് വെറുതെ വിട്ടത്. വിഷയത്തിൽ ഗതാഗതമന്ത്രിക്കും സിഎംഡിക്കും പരാതി കൊടുക്കും. ഞാൻ കൊടുത്ത പരാതിയിലാണ് കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നതെന്നും യദു പറഞ്ഞു.
കെഎസ്ആർടിസി വിജിലൻസിന്റെ കണ്ടെത്തലും മേയറും എംഎൽഎയും ബസ് തടഞ്ഞു എന്നതിനെ സാധൂകരിക്കുന്നുണ്ട്. ബസിന് പിന്നാലെ കാർ പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നാലെയെത്തിയ കാർ, ബസിന് മുന്നിൽ കയറ്റിനിർത്തി എന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കെഎസ്ആർടിസിയിലെ മൂന്നു നിരീക്ഷണ ക്യാമറകളിലും ഇതെല്ലാം പതിഞ്ഞിട്ടുണ്ട്. ഇതു പരിശോധിക്കാൻ പോലും തയ്യാറാകാതെയാണ് പൊലീസിന്റെ വിചിത്ര നടപടി.