തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണപ്പെടുത്തിയ സംഭവത്തിൽ കോർപ്പറേഷൻ ഓഫീസിൽ ബിജെപിയുടെ പ്രതിഷേധം. കെഎസ്ആർടിസി ബസ് തടഞ്ഞ മേയർ ആര്യാ രാജേന്ദ്രൻ, ഡ്രൈവറോട് തട്ടിക്കയറിയത് പദവി ദുരുപയോഗം ചെയ്തതാണെന്നും ഇത് നഗരത്തിലെ ജനങ്ങൾക്ക് മാനക്കേടുണ്ടാക്കിയെന്നും ബിജെപി കൗൺസിലർമാർ പ്രതികരിച്ചു. മേയർ സമൂഹത്തോട് മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു.
കൗൺസിലർ തിരുമല അനിലാണ് കൗൺസിൽ യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ ധാർഷ്ട്യം അവതരിപ്പിച്ചത്. എൽഡിഎഫ് കൗൺസിലർമാർ പ്രമേയം എതിർത്തതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. സ്ത്രീ എന്ന നിലയിൽ തനിക്ക് ഒരു പ്രശ്‌നമുണ്ടായിട്ട് വിളിച്ച് അന്വേഷിക്കാൻ എന്താണ് കൗൺസിലർമാർ തയ്യാറാകാതിരുന്നതും മേയർ ചോദിച്ചു. മേയർ ഫോൺ വിളിച്ചാൽ എടുക്കില്ലെന്നായിരുന്നു ബിജെപിയുടെ മറുപടി. കൗൺസിൽ യോഗം ബിജെപി ബഹിഷ്‌കരിച്ചു.
സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും എതിരെയുള്ള പ്രതിഷേധം കടുക്കുകയാണ്. കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ ഓവർ ടേക്കിംഗ് നിരോധിത മേഖല എന്നുള്ള ബോർഡും കെഎസ്ആർടിസി ബസുകളിൽ മേയറുണ്ട് സൂക്ഷിക്കുക എന്ന പോസ്റ്ററുകളും പതിപ്പിച്ചായിരുന്നു യൂത്ത്‌കോൺഗ്രസിന്റെ പ്രതിഷേധം.
കഴിഞ്ഞ ദിവസം പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ മേയറും കുടുംബം സഞ്ചരിച്ചിരുന്ന കാർ നിർത്തിയാണ് കെഎസ്ആർടിസി ബസ് തടഞ്ഞത്. പിന്നാലെ മേയറും ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായി. ബസ് തടഞ്ഞിട്ടില്ലെന്ന് മേയർ ആര്യ പറയുന്നത് കള്ളമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പിന്നാലെയാണ് മേയറുടെ ധാർഷ്ട്യത്തിനെതിരെയുള്ള പ്രതിഷേധം കടുത്തത്.