ഹൈനോൾട്ട്: ലണ്ടനിൽ നിരവധി പേരെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്. പരിഭ്രാന്തി സൃഷ്ടിച്ച യുവാവിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വടക്കുകിഴക്കൻ ലണ്ടനിലാണ് സംഭവം. വാളുപയോഗിച്ചാണ് യുവാവ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 36-കാരനായ പ്രതിയെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഹൈനോൾട്ട് ട്രെയിൻ സ്റ്റേഷന് സമീപം സ്ഥിതിചെയ്യുന്ന വീട്ടിലേക്ക് വാഹനം ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. വെട്ടേറ്റവരിൽ രണ്ട് പൊലീസുകാരും ഉൾപ്പെടുന്നു. പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ആക്രമണത്തിന് ഭീകരവാദ സ്വഭാവമില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും മുൻകരുതലിന്റെ ഭാഗമായി സമീപത്തെ ട്രെയിൻ സ്റ്റേഷൻ അടച്ചിട്ടു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി ഋഷി സുനക് അഭിപ്രായപ്പെട്ടു.















