തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജോലിയിൽ സമയ ക്രമീകരണം. ഉഷ്ണതരംഗം മുൻനിർത്തി മെയ് 15 വരെയാണ് സമയ ക്രമീകരണമുള്ളത്. വിഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ഉച്ചക്ക് 12 മണി മുതൽ മൂന്ന് മണി വരെ ജോലി ചെയ്യാൻ പാടില്ലെന്നാണ് പ്രധാന നിർദേശം. ഈ സമയം ജോലി ചെയ്യുന്നത് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാലയങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും സമയക്രമം ബാധകമാണ്. രാവിലെ പത്ത് മണിവരെ മാത്രമേ ക്ലാസ് നടത്താൻ പാടുള്ളൂവെന്നും കർശന നിർദേശമുണ്ട്.
സംസ്ഥാനത്ത് ഓരോ ദിവസവും ഉഷ്ണതരംഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ആലപ്പുഴയിൽ രാത്രി താപനില ഉയരുമെന്നാണ് റിപ്പോർട്ട്. പാലക്കാട് ഓറഞ്ച് അലർട്ടും ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.