ചെന്നൈ: വിദ്യാർത്ഥിനികളെ ഉന്നതർക്ക് വഴങ്ങാൻ നിർബന്ധിച്ച വനിത പ്രൊഫസറെ 10 വർഷം കഠിന തടവിന് ശിക്ഷിച്ച് മഹിളാ കോടതി. നിർമ്മലയ്‌ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയത്തിനധീതമായി തെളിഞ്ഞെന്ന് കോടതി വിലയിരുത്തി. 2.45 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അത് ഒടുക്കിയില്ലെങ്കിൽ അധികം തടവ് അനുഭവിക്കേണ്ടിവരും
ശ്രീവില്ലി പൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജിലെ അസി.പ്രൊഫസറാണ് പ്രതി.2018ലാണ് കേസിനാസ്പദമായ സംഭവം. അസി.പ്രൊഫസറായിരുന്ന നിർമ്മല ദേവി വിദ്യാർത്ഥിനികളോട് ചില ഉന്നതർക്ക് ലൈംഗികമായി വഴങ്ങിക്കൊടുത്താൽ പരീക്ഷകളിൽ ഉയർന്ന മാർക്കും പണവും വാഗ്ദാനം ചെയ്തുവെന്നായിരുന്നു പരാതി.
അറപ്പുകോട്ടയിലെ സ്വകാര്യ കോളേജിലെ അദ്ധ്യാപികയായിരുന്ന ഇവരുടെ ശബ്ദരേഖ പിന്നാലെ പുറത്തുവന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും കോളേജിന് മുന്നിൽ വ്യാപക പ്രതിഷേധം ഉയർത്തിയതോടെ ഇവരെ കലാലയത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. നിർമലയ്‌ക്കൊപ്പം മധുര കാമരാജ് സർവകലാശാലയിലെ അസി.പ്രൊഫസർ മുരുകൻ, പി.എച്ച്.ഡി വിദ്യാർത്ഥി കറുപ്പുസ്വാമി എന്നിവരും പിടിയിലായി. നിർമല ഒഴികെയുള്ളവർ സംശയത്തിന്റെ ആനുകൂല്യത്തിൽ തടിതപ്പി.