തൃശൂർ: തെരഞ്ഞെടുപ്പിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ വീണ്ടും കുരുക്കിലായി സിപിഎം. ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ ബ്രാഞ്ചിൽ നിന്ന് പാർട്ടി ജില്ലാ നേതൃത്വം പിൻവലിച്ച ഒരു കോടി രൂപ നാടകീയമായി തിരിച്ചടയ്ക്കാൻ നടത്തിയ ശ്രമമാണ് പാർട്ടിയെ വീണ്ടും സംശയത്തിന്റെ മുൾമുനയിലാക്കിയത്.
ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിൽ നിന്നാണ് പണം പിൻവലിച്ചത്. ഈ അക്കൗണ്ട് ഇഡി പിന്നീട് മരവിപ്പിച്ചിരുന്നതാണ്. കരുവന്നൂർ വിഷയത്തിൽ ഉൾപ്പെടെ പ്രതിക്കൂട്ടിൽ നിൽക്കുന്ന സിപിഎം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുക തിരിച്ചടയ്ക്കാൻ ശ്രമിക്കുകയായിരുന്നു.
തുകയുമായി പാർട്ടി ജില്ലാ സെക്രട്ടറി എംഎം വർഗീസും നേതാക്കളും ബാങ്കിലെത്തി. എന്നാൽ തുക കൂടുതലായതിനാൽ ബാങ്ക് അധികൃതർ വിവരം ആദായനികുതി വകുപ്പിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ആരാഞ്ഞെങ്കിലും തൃപ്തികരമായ മറുപടി നൽകാൻ നേതാക്കൾക്ക് കഴിഞ്ഞില്ലെന്നാണ് വിവരം.
കണക്കിൽ പെടാത്ത പണമാണെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം. തുടർന്ന് പണം താൽക്കാലികമായി ബാങ്കിൽ സൂക്ഷിക്കാൻ തീരുമാനിച്ചു. ജില്ലാ സെക്രട്ടറി എംഎം വർഗീസിന്റെ മൊഴിയും ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. ഇഡി ഓഫീസിൽ നിന്ന് മൊഴി എടുത്തതിന്റെ തുടർച്ചയാണെന്ന് ആയിരുന്നു എംഎം വർഗീസിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പണം പിൻവലിച്ചത്. ഉറവിടം തെളിയിക്കാൻ സാധിക്കാതെ വന്നാൽ പണം പിടിച്ചെടുക്കാൻ ആദായ നികുതി വകുപ്പിന് അധികാരമുണ്ട്.