ലക്നൗ: വിദ്വേഷ പരാമർശം വിവാദമായതോടെ എസ്പി നേതാവ് മറിയ അലം ഖാനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. യുപിയിലെ ഫത്തേഗഡ് ജില്ലയിലെ കൈമഗഞ്ച് പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൈമഗഞ്ചിൽ വച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മറിയ അലം ഇൻഡി മുന്നണിക്ക് വേണ്ടി വോട്ടുതേടുന്നതിനിടെയായിരുന്നു വിവാദ പരാമർശം നടത്തിയത്.
ബിജെപിയെ പിന്തുണയ്ക്കുന്ന മുസ്ലീങ്ങളെ വെറുക്കണമെന്നും ബഹിഷ്കരിക്കണമെന്നും മറിയം ആവശ്യപ്പെട്ടു. യുപിയിലെ ഫറൂഖാബാദ് ലോക്സഭാ മണ്ഡലം ഇൻഡി മുന്നണി സ്ഥാനാർത്ഥി നേവൽ കിഷോർ ഷക്യയ്‌ക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുന്നതിനിടെയായിരുന്നു മറിയത്തിന്റെ വാക്കുകൾ.
വിവാദ പ്രസംഗത്തിനിടെ മറിയം വോട്ട് ജിഹാദിനും ആഹ്വാനം ചെയ്തിരുന്നു. വിവേകത്തോടെ, നിശബ്ദമായി, വൈകാരികത മറന്ന് വോട്ട് ജിഹാദിനായി തയ്യാറെടുക്കണമെന്ന് മറിയം പ്രഖ്യാപിച്ചു. ബിജെപി സർക്കാരിനെ രാജ്യത്ത് നിന്ന് തുരത്താൻ ഇതുമാത്രമാണ് പോംവഴിയെന്നും അവർ പറഞ്ഞു. ബിജെപിയുടെ ഭരണത്തിന് കീഴിൽ ഭരണഘടനയും ജനാധിപത്യവും മാത്രമല്ല, മനുഷ്യരാശി തന്നെ അപകടത്തിലാണ്. രാജ്യത്തെയും രാജ്യത്തിന്റെ സംസ്കാരത്തെയും സംരക്ഷിക്കാൻ വിവേകപൂർണമായി വോട്ട് രേഖപ്പെടുത്തണമെന്നും അവർ പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ അനന്തരവളാണ് മറിയ അലം ഖാൻ. വിവാദ പ്രസംഗം നടത്തുന്ന വേളയിൽ ഖുർഷിദ് വേദിയിലുണ്ടായിരുന്നു. മറിയ വിദ്വേഷ പരാമർശം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.