കോട്ട; വീണ്ടും നീറ്റ് മത്സരാർത്ഥി ജീവനൊടുക്കി. നീറ്റ് പരീക്ഷയ്‌ക്കായി തയ്യാറെടുത്തുകൊണ്ടിരുന്ന 20 കാരനായ വിദ്യാർത്ഥിയാണ് മുറിയിൽ ജീവനൊടുക്കിയത്. രാജസ്ഥാനിൽ നിന്നുളള ഭരത് കുമാർ രജ്പുത് ആണ് ജീവനൊടുക്കിയത്.
മൂന്നാം തവണയും നീറ്റ് പരീക്ഷയ്‌ക്കായുളള തയ്യാറെടുപ്പിലായിരുന്നു ഭരത് കുമാർ. ചൊവ്വാഴ്ച രാവിലെയാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടത്. “സോറി പപ്പ, എനിക്ക് ഇത്തവണയും കഴിയുമെന്ന് തോന്നുന്നില്ലെന്ന” കുറിപ്പും മുറിയിൽ നിന്ന് കണ്ടെടുത്തു.
48 മണിക്കൂറിൽ കോട്ടയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ നീറ്റ് മത്സരാർത്ഥിയുടെ മരണമാണിത്. മെയ് 5 നായിരുന്നു ഭരത് കുമാർ നീറ്റ് പരീക്ഷ എഴുതാനിരുന്നത്.
കഴിഞ്ഞ ഒരു വർഷമായി രാജീവ് ഗാന്ധി നഗർ മേഖലയിൽ പേയിങ് ഗസ്റ്റ് ആയി താമസിച്ച് പരീക്ഷയ്‌ക്കായി തയ്യാറെടുത്തു വരികയായിരുന്നു. ബന്ധുവായ രോഹിതിന് ഒപ്പമായിരുന്നു താമസം. ഇയാളും നീറ്റ് പരീക്ഷയ്‌ക്കായി തയ്യാറെടുക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ രോഹിത് പുറത്തുപോയി വന്നപ്പോഴാണ് ഭരത് കുമാറിനെ മരിച്ച നിലയിൽ മുറിയിൽ കണ്ടത്.