കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ ഭീകരവാദികളാക്കാൻ പാകിസ്താൻ ഭീകരവാദ സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരർ കാബൂളിലേക്ക് കടക്കുന്നതായി റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെയാണ് ഭീകരവാദ പരിശീലനങ്ങൾ നൽകുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാകിസ്താനിലെ മതപ്രഭാഷകർ അഫ്ഗാനിസ്ഥാനിലെ വിദ്യാർത്ഥികൾക്കും മറ്റ് ആളുകൾക്കും പരിശീലനം നൽകുന്നതിന്റെ വീഡിയോകളും അടുത്തിടെ താലിബാൻ വിരുദ്ധ പ്രതിരോധ സേനയായ അഫ്ഗാനിസ്ഥാൻ ഗ്രീൻ ട്രെൻഡ് പുറത്തുവിട്ടിരുന്നു.
സമൂഹമാദ്ധ്യമമായ എക്‌സിലൂടെയായിരുന്നു വീഡിയോ പങ്കുവച്ചത്. കാബൂളിലെ സ്‌കൂളുകളിൽ പാകിസ്താൻ മിഷണറിമാരുടെ നിർബന്ധിത ക്ലാസുകളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുന്നതാണ് വീഡിയോയിലുള്ളത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ വിശ്വാസങ്ങൾ അപൂർണമാണെന്ന് സ്ഥാപിച്ച് അവരിൽ ഭീകരവാദത്തിന്റെ വിത്തുകൾ പാകുകയായിരുന്നു ലഷ്‌കർ ഭീകരരുടെ ശ്രമം.
സ്‌കൂളിലെ അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും ഉറുദുവിലുള്ള മതപ്രഭാഷണം കേൾക്കാൻ ആവശ്യപ്പെടുന്നു. തുടർന്ന് പരിഭാഷകന്റെ സഹായത്തോടെ ഇത് പാഴ്‌സിയിലേക്ക് വിവർത്തനം ചെയ്യുന്നു. ഇത്തരത്തിൽ അഫ്ഗാനിലെ സ്‌കൂളുകളിൽ പാകിസ്താനിൽ നിന്നുള്ള മിഷണറിമാരുടെ സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
താലിബാന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ പാകിസ്താൻ ഭീകരവാദ സംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷ മുഹമ്മദ് എന്നീ സംഘടനകളുടെ പരിശീലന ക്യാമ്പുകളുണ്ടെന്നാണ് 2022ലെ ഐക്യരാഷ്‌ട്രസഭയുടെ റിപ്പോർട്ട് പ്രകാരം പറയുന്നത്. ഭീകരകേന്ദ്രങ്ങളിൽ നിന്നുള്ളവർ താലിബാന് വേണ്ടി പ്രവർത്തിക്കുന്നതായും യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.