നോയിഡ : 24 മണിക്കൂറിനുള്ളിൽ 260 കോടിയിലധികം വിലമതിക്കുന്ന ഭൂമി ഭൂമാഫിയയിൽ നിന്ന് ഒഴിപ്പിച്ചെടുത്ത് നോയിഡ അതോറിറ്റി . പൃഥ്ല ഖഞ്ജർപൂർ ഗ്രാമത്തിന് സമീപം 8,000 ചതുരശ്ര മീറ്റർ സ്ഥലം അനധികൃതമായി കൈയേറിയാണ് മാഫിയ വീട് നിർമിച്ചത്. അതോറിറ്റിയുടെ ഭൂലേഖ് ഡിപ്പാർട്ട്‌മെൻ്റ് ടീമും വർക്ക് സർക്കിൾ ടീമും പോലീസും സംയുക്തമായി എത്തിയാണ് അനധികൃത നിർമാണങ്ങളെല്ലാം പൊളിച്ചുനീക്കിയത് . ഈ ഭൂമിക്ക് ഏകദേശം 48 കോടി രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്.
ബസായി ഗ്രാമത്തിലെ 4,500 ചതുരശ്ര മീറ്റർ സ്ഥലമാണ് ഭൂമാഫിയ കൈവശപ്പെടുത്തിയിരുന്നത്. ഇതിന്റെ അതിർത്തി ഭിത്തി പൊളിച്ചാണ് നോയിഡ അതോറിറ്റി സംഘം ഭൂമി കയ്യേറ്റത്തിൽ നിന്ന് മോചിപ്പിച്ചത്. ഏകദേശം 34 കോടിയോളം രൂപയാണ് ഈ ഭൂമിയുടെ വില.
മദർഹുഡ് ഹോസ്പിറ്റൽ സെക്ടർ 48 ന് മുന്നിൽ നടത്തിവന്ന അനധികൃത നിർമാണവും സംഘം പൊളിച്ചു നീക്കി. ഹാജിപൂരിലെ അനധികൃതമായി നിർമ്മിച്ച സമുച്ചയത്തിൽ അതോറിറ്റി നോട്ടീസ് ഒട്ടിക്കുകയും അനധികൃത കൈയേറ്റക്കാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകുകയും ചെയ്തു. ഇതിന് പുറമെ ഭംഗേലിലെ അനധികൃത കെട്ടിടങ്ങൾ സീൽ ചെയ്യാനും നിർദേശം നൽകി. സലാർപൂരിൽ 30,000 ചതുരശ്ര മീറ്റർ സ്ഥലത്ത് നടത്തിവന്ന അനധികൃത നിർമാണവും തകർത്തു. ഏകദേശം 180 കോടി രൂപയാണ് ഈ ഭൂമിയ്‌ക്ക് വില കണക്കാക്കുന്നത്. ഈ ഭൂമിയിൽ അനധികൃത കടകൾ നിർമിച്ചു വാടകയ്‌ക്ക് നൽകിയിരിക്കുകയായിരുന്നു .