ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പാസ്റ്റർ അറസ്റ്റിൽ. കാഞ്ചീപുരത്ത് പൊൻമാർ ഗ്രാമത്തിലാണ് സംഭവം. മുംബൈ സ്വദേശിയായ വൈശാലി (33) ആണ് കൊല്ലപ്പെട്ടത്. പൊൻമാറിലെ പള്ളിയിലെ പാസ്റ്ററായ വിമൽരാജാണ് അറസ്റ്റിലായത്. വാക്കുതർക്കത്തെ തുടർന്നാണ് യുവതിയെ പ്രതി കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
കുടുംബവഴക്കാണ് ആക്രമണത്തിലേക്ക് നയിച്ചത്. വാക്കുതർക്കത്തെ തുടർന്ന് പ്രകോപിതനായ വിമൽരാജ് യുവതിയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണതെന്നാണ് യുവതിയുടെ ബന്ധുക്കളോട് വിമൽരാജ് പറഞ്ഞിരുന്നത്. എന്നാൽ യുവതിയുടെ സഹോദരന് സംശയം തോന്നുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. വൈശാലിയുടെ ദേഹത്ത് മുറിവുകൾ കണ്ടെത്തിയതോടെ ആക്രമണം നടന്നതായി പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.
രണ്ട് വർഷം മുമ്പാണ് ഇരുവരുടെ വിവാഹം നടന്നത്. ഇവർക്ക് 11 മാസം പ്രായമുള്ള ഒരു മകളുണ്ട്. ദമ്പതികൾ സ്ഥിരം വഴക്കിടാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കുടുംബാംഗങ്ങൾ എത്തുന്നതിന് മുമ്പ് വൈശാലിയുടെ സംസ്കാര ചടങ്ങുകൾ നടത്താൻ പ്രതി ശ്രമിച്ചതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.















