തൃശൂർ: ആദായ നികുതി വകുപ്പിന്റെ നടപടികളെ നിയമപരമായി നേരിടുമെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ്. അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുകയാണ് കേന്ദ്രസർക്കാരെന്നും സിപിഎമ്മിന് നിയമപരമായ പണമിടപാടുകൾ മാത്രമേയുള്ളൂവെന്നും എംഎം വർഗീസ് അവകാശപ്പെട്ടു.
ഒരു കോടി രൂപ നിക്ഷേപിക്കാൻ കൊണ്ടുപോയത് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടപ്പോഴാണ്. പിൻവലിച്ച തുക തിരിച്ചടയ്‌ക്കാൻ നിർദേശിച്ചിരുന്നു. അത് നൽകാനെത്തിയപ്പോഴാണ് കണ്ടുകെട്ടിയത്. ബാങ്ക് ഓഫ് ഇന്ത്യയിലെ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് അനധികൃതമായത് ബാങ്ക് നടത്തിയ ക്രമക്കേട് മൂലമാണ്. ബാങ്ക് അധികൃതർ തെറ്റായ പാൻ നമ്പറാണ് രേഖപ്പെടുത്തിയത്. തെറ്റ് സമ്മതിച്ച ബാങ്കുകാർ പാർട്ടിക്ക് കത്ത് നൽകിയിരുന്നു. പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിക്കുന്നതിലേക്ക് എത്തിയത് ബാങ്കിന്റെ വീഴ്ച മൂലമാണെന്നും ജില്ലാ സെക്രട്ടറി ന്യായീകരിച്ചു. നിയമപരമായ ഇടപാടുകൾ മാത്രമാണ് പാർട്ടിക്കുള്ളത്. സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും എംഎം വർഗീസ് പറഞ്ഞു.
ഇഡിക്ക് മുമ്പിൽ ഹാജരാകാൻ എംഎം വർഗീസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ജില്ലാ സെക്രട്ടറി എത്തിയിരുന്നില്ല. മെയ്ദിനമായതിനാൽ ഹാജരാകാൻ കഴിയില്ലെന്നും സമയം വേണമെന്നുമായിരുന്നു വർഗീസിന്റെ നിലപാട്.















