വാരണാസി: വാരണാസിയിലെ ഭണ്ടാഹകാല ഗ്രാമത്തിൽ പുരാവസ്തു മൂല്യമുള്ള പൗരാണിക വിഗ്രഹങ്ങൾ കണ്ടെത്തി. ഗംഗ, ഗോമതി നദികളുടെ സംഗമസ്ഥാനത്തിനടുത്തുള്ള ചൗബേപൂർ പ്രദേശത്തെ കൂറ്റൻ കുളത്തിന് ചുറ്റുമായിട്ടാണ് ദേവതാ പ്രതിമകളും ക്ഷേത്ര അവശിഷ്ടങ്ങളും കാണപ്പെട്ടത്.
ഗ്രാമവാസികളുടെ ശ്രമഫലമായി ഈ പുരാവസ്തുക്കൾ സംരക്ഷിക്കുന്നതിനായി റീജിയണൽ ആർക്കിയോളജിക്കൽ ഓഫീസർ ഡോ. സുഭാഷ് ചന്ദ്ര യാദവിന്റെ സംഘം പ്രദേശം പഠിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു.
നാഗരി ലിപിയിൽ ലിഖിതമുള്ള ഒരു ശിലാസ്തംഭം, മണൽക്കല്ലിൽ നിർമ്മിച്ച ഒരു ദേവപ്രതിമയുടെ തകർന്ന അവശിഷ്ടങ്ങൾ, ക്ഷേത്ര വാസ്തുവിദ്യ യുടെ അവശിഷ്ടങ്ങൾ എന്നിവ ഈ കുളത്തിന് സമീപം ചിതറിക്കിടക്കുന്നതായി പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ദേവപ്രതിമകളിൽ, ശിരസ്സിൽ കിരീടവും ഇടതുകൈയിൽ താമരയും കൊത്തിവച്ചിരിക്കുന്ന ഒരു തകർന്ന പ്രതിമ മഹാവിഷ്ണുവാണെന്ന് തിരിച്ചറിയാം. ശേഷിക്കുന്ന ഭാഗം ഛിന്നഭിന്നമാണ്.
റീജിയണൽ ആർക്കിയോളജിക്കൽ ഓഫീസറുടെ റിപ്പോർട്ടനുസരിച്ച്, ജലസംഭരണിക്ക് സമീപം കണ്ടെത്തിയ വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ ഏകദേശം 9-10 നൂറ്റാണ്ടിലേതാണ്. അതേ സമയം, സമീപത്ത് സ്ഥിതി ചെയ്യുന്ന ശിവലിംഗം ഏകദേശം 7-8 നൂറ്റാണ്ടിലേതാണ്. അതിശയിപ്പിക്കുന്ന ഈ ശിവലിംഗ പ്രതിമയെ ഗ്രാമവാസികൾ സ്വയംഭൂ ത്രിപുരാരി മഹാദേവനായി ആരാധിക്കുന്നു. കുളത്തിൽ സ്ഥിതി ചെയ്യുന്ന തൂണിന്റെ ഉയരം 9 അടിയും വ്യാസം 4 അടിയുമാണ്. ചുനാർ മണൽക്കല്ലിൽ നിർമ്മിച്ച തൂണിന്റെ താഴത്തെ ഭാഗം ചതുരവും ബാക്കി ഭാഗം വൃത്താകൃതിയിലുള്ളതുമാണ്. തൂണിനു മുകളിൽ നാഗരി ലിപിയിൽ 4-വരി ലിഖിതമുണ്ട്.
ഇതിലെ ലിഖിതത്തിന്റെ അടിസ്ഥാനത്തിൽ പുരാവസ്തു വകുപ്പ് ഇത് പത്തൊൻപതാം നൂറ്റാണ്ടിലേതാണെന്ന് പ്രഖ്യാപിച്ചു. ഈ റിസർവോയറിന്റെ യഥാർത്ഥ വിസ്തീർണ്ണം 6 ഏക്കറിൽ കൂടുതലാണെന്ന് റിപ്പോർട്ടിലുണ്ട്. അമൃത് സരോവർ പദ്ധതിയിൽ സൗന്ദര്യവൽക്കരണത്തിനായും ഇത് തിരഞ്ഞെടുത്തിട്ടുണ്ട്.
വാരണാസി-ഗാസിപൂർ അതിർത്തിയിൽ ഗംഗ, ഗോമതി നദികളുടെ സംഗമസ്ഥാനത്ത് കൈതി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മാർക്കണ്ഡേയ മഹാദേവ ക്ഷേത്രത്തിന് അടുത്താണ് ഈ കുളവും പുരാവസ്തുക്കളും. ഈ ക്ഷേത്രത്തെ സമീപകാലത്ത് ഭാരത സർക്കാരിന്റെ Pilgrimage Rejuvenation and Spirituality Augmentation Drive (PRASAD) സ്കീമിൽപ്പെടുത്തി പുനരുദ്ധരിച്ചിരുന്നു.
ഇവയെല്ലാം ഗ്രാമപ്രദേശത്ത് തന്നെ സംരക്ഷിക്കണമെന്ന് പുരാവസ്തു വകുപ്പിന്റെ ശുപാർശ. “ഏകദേശം എ.ഡി 19-ആം നൂറ്റാണ്ടിൽ . പൂജിച്ച ശിവലിംഗം നല്ല നിലയിലാണ് ഇപ്പോഴും ഉള്ളത്, പൊതുവിശ്വാസവും വികാരവും കണക്കിലെടുത്ത്, പ്രാദേശികമായി അതിന്റെ സ്ഥാനത്ത് തന്നെ സംരക്ഷിക്കുന്നതാണ് ഉചിതം.ഗ്രാമപ്രദേശങ്ങളിലെ പൈതൃക സ്ഥലങ്ങൾ പ്രാദേശികമായി സംരക്ഷിക്കുന്നത് സമൂഹത്തിൽ ‘പ്രാദേശിക അഭിമാനം’ വളർത്തിയെടുക്കും,” റീജിയണൽ ആർക്കിയോളജിക്കൽ ഓഫീസർ ഡോ. സുഭാഷ് ചന്ദ്ര യാദവ് കൂട്ടിച്ചേർത്തു.