ബെംഗളൂരു: സഹപാഠിയിൽ നിന്നും 35 ലക്ഷം രൂപയുടെ ആഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുൾപ്പെടെ നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ. കർണാടകയിലെ ബെംഗളൂരുവിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥികളും സീനിയർ വിദ്യാർത്ഥികളും ചേർന്നാണ് സ്വർണാഭരണങ്ങൾ തട്ടിയെടുത്തത്. 35 ലക്ഷം രൂപ വിലമതിക്കുന്ന 700 ഗ്രാം സ്വർണമാണ് വിദ്യാർത്ഥികൾ തട്ടിയെടുത്തത്. സ്വർണാഭരണങ്ങളെ കൂടാതെ ഡയമണ്ട് നെക്ലേസും വിദ്യാർത്ഥികൾ തട്ടിയെടുത്തു.
പ്രായപ്രൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളെ ജുവനൈൽ ഹോമിലേക്കും മറ്റ് പ്രതികളെ ബെംഗളൂരു സെൻട്രൽ ജയിലിലേക്കും മാറ്റിയിട്ടുണ്ട്. സഹപാഠിയായ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയാണ് പ്രതികൾ സ്വർണം തട്ടിയെടുത്തത്. 400 ഗ്രാം സ്വർണം വിറ്റ 23 ലക്ഷം രൂപയും ബാക്കിയുള്ള 300 ഗ്രാം സ്വർണാഭരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വിദ്യാർത്ഥിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. മകൻ ഗെയിമുകൾ കളിക്കുന്ന ശീലമുണ്ടെന്നും സഹപാഠികൾ മകനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സ്വർണാഭരണങ്ങൾ എത്തിക്കാൻ പ്രതികൾ നിർബന്ധിക്കുകയായിരുന്നെന്ന് പിതാവ് പരാതിയിൽ പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെയാണ് മോഷണം നടന്നത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് സ്വർണം തട്ടിയെടുക്കാനുള്ള പദ്ധതി നടന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.















