തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെയും ഭർത്താവ് സച്ചിൻദേവ് എംഎൽഎയുടെയും ധാർഷ്ട്യം തുടർക്കഥയാകുന്നു. – ഇരുവരുടെയും പെരുമാറ്റത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടെന്ന പരാതിയുമായി മദ്ധ്യവയസ്‌കൻ രംഗത്ത്. വഴുതക്കാട് പാസ്‌പോർട്ട് ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മേയറുടെ അധികാര ദുർവിനിയോഗത്തെ തുടർന്ന് ജോലി നഷ്ടമായത്. നോ പാർക്കിംഗ് മേഖലയിൽ മേയറുടെ വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് ജീവനക്കാരൻ ചന്ദ്രബാബുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മേയറും എംഎൽഎയും ഭീഷണി മുഴക്കിയെന്നും ചന്ദ്രബാബു ജനം ടിവിയോട് പ്രതികരിച്ചു.
നോ പാർക്കിംഗ് ഏരിയയിൽ മേയർ കാർ പാർക്ക് ചെയ്തു. വാഹനം മാറ്റാൻ ആവശ്യപ്പെട്ടതോടെയാണ് തന്നോട് തട്ടിക്കയറിയത്. അകത്ത് വാഹനം പാർക്ക് ചെയ്യാൻ ആരെയാണ് വിളിക്കേണ്ടതെന്ന് ചോദിച്ചു. വിളിച്ചന്വേഷിച്ച് അനുമതി വാങ്ങാനാണ് മേയർ ആവശ്യപ്പെട്ടത്. വണ്ടി അകത്തേക്ക് കയറ്റി വിട്ടപ്പോൾ എംഎൽഎയും കെയർ ടേക്കറും തന്റെ അടുത്തേക്ക് വന്നു. ഉദ്ദേശം എന്താണെന്നാണ് അവർ ചോദിച്ചത്. മേയറുടെ ബോർഡ് വണ്ടിയിലുണ്ടായിരുന്നത് കണ്ടില്ലേ എന്നും ചോദിച്ചു. സംഭവത്തിന്റെ പേരിൽ മേയർ പാസ്‌പോർട്ട് ഓഫീസറോട് ബഹളമുണ്ടാക്കി. ഏജൻസിക്കാരോട് തന്നെ മാറ്റാൻ പറഞ്ഞെന്നും ചന്ദ്രബാബു പറഞ്ഞു.
തന്നെ കൂടാതെ 10 പേരാണ് പാസ്‌പോർട്ട് ഓഫീസിൽ ജോലി ചെയ്യുന്നത്. താൻ പ്രതികരിച്ചാൽ അവരുടെ ജോലി കൂടി പോകും എന്ന് ഉറപ്പായതോടെയാണ് പരാതിയുമായി മുന്നോട്ട് പോകാതിരുന്നത്. കെഎസ്ആർടിസി ഡ്രൈവർക്കുണ്ടായ ദുരനുഭവം അറിഞ്ഞതോടെയാണ് താൻ മേയർക്കെതിരെ പ്രതികരിക്കാൻ മുന്നോട്ട് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.