ഹൈദരാബാദ് : ഏഴ് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, അന്തരിച്ച നവാബ് ഫഖ്ർ-ഉൽ-മുൽക്കിന്റെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് അവകാശികൾ തമ്മിലുള്ള സിവിൽ കേസ് തെലങ്കാന ഹൈക്കോടതി തീർപ്പാക്കി. 73 വര്ഷം പഴക്കമുള്ള ‘1951 CS9’ എന്നറിയപ്പെടുന്ന സിവിൽ വ്യവഹാരമാണ് തെലങ്കാന ഹൈക്കോടതി അവസാനിപ്പിച്ചത്.
നവാബ് ഫഖ്ർ-ഉൽ-മുൽക്കിന്റെയും അദ്ദേഹത്തിന്റെ പിൻഗാമികളുടെയും ഉടമസ്ഥതയിലുള്ള വിവിധ സ്വത്തുക്കളുടെ വിതരണത്തെ കേന്ദ്രീകരിച്ചാണ് തീർപ്പുകൽപ്പിക്കപ്പെട്ട സ്യൂട്ട്. ഹൈദരാബാദിലെ എറഗഡ്ഡയിലുള്ള ഇറാം മൻസിൽ കൊട്ടാരം, അതിനോട് ചേർന്നുള്ള ഭൂമി, സർക്കാർ ടിബി ആശുപത്രി കെട്ടിടം എന്നിവയുടെ മേലുള്ള നവാബ് ഫഖ്ർ-ഉൽ-മുൽക്കിന്റെ പിന്മുറക്കാരുടെ അവകാശവാദം അസാധുവാണെന്ന് ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എൻ വി ശ്രാവൺ കുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ഹൈദരാബാദ് നിസാമിന്റെ കീഴിലുള്ള നാട്ടുരാജ്യത്തിൽ പ്രത്യേക പരിപാവനത ലഭിച്ചിരുന്ന കുലീന കുടുംബമായിരുന്നു സലാർ ജംഗ് കുടുംബം. ഈ കൂട്ടുകുടുംബത്തിൽ പെട്ട ഒരു പ്രഭുവായിരുന്നു നവാബ് ഫഖ്ർ-ഉൽ-മുൽക്ക്, (1860-1934). അദ്ദേഹം ജുഡീഷ്യറി, പോലീസ്, തപാൽ വകുപ്പുകളുടെ അസിസ്റ്റൻ്റ് മന്ത്രിയും 1893-1917 കാലഘട്ടത്തിൽ കാബിനറ്റ് കൗൺസിൽ അംഗവുമായിരുന്നു. ഹൈദരാബാദ് പ്രഭുവർഗ്ഗ ശ്രേണിയിൽ നിസാമുകൾക്കും പൈഗാമാർക്കും (അതേപോലെ പരിപാവനത ഉണ്ടായിരുന്ന മറ്റൊരു കുടുംബം) തൊട്ടുപിന്നിലായായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. ഹൈദരാബാദിന്റെ അടയാളങ്ങളിൽ ഒന്നായ ഇറാം മൻസിലിന്റെ നിർമ്മാതാവായാണ് ഫഖ്ർ-ഉൽ- മുൽക്ക് അറിയപ്പെടുന്നത്. ഇദ്ദേഹം 1934 ൽ അന്തരിച്ചു. കരിങ്കല്ലിൽ നിർമ്മിച്ച അദ്ദേഹത്തിന്റെ ശവകുടീരം സനത്നഗർ റോഡിൽ സ്ഥിതി ചെയ്യുന്ന കുടുംബ സെമിത്തേരിയുടെ ഭാഗമാണ്.
1936-ൽ ഫഖ്ർ-ഉൽ-മുൽക്കിന്റെ മരണശേഷം ഏഴാം നിസാം (മിർ ഉസ്മാൻ അലി ഖാൻ ) തന്റെ ജഗീർ ഭൂമികളുടെ സംരക്ഷണത്തിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. നൈസാമിന്റെ സാമ്രാജ്യം ഇന്ത്യയിൽ ലയിച്ച ശേഷവും സമിതി തുടർന്നു.അഞ്ച് ആൺമക്കളും നാല് പെൺമക്കളും ഉണ്ടായിരുന്ന നവാബ് ഫഖ്ർ-ഉൽ-മുൽക്കിന് എറം മൻസിൽ ഉൾപ്പെടെ വിപുലമായ സ്വത്തുക്കൾ ആണുണ്ടായിരുന്നത്. നവാബ് ഫഖ്ർ-ഉൽ-മുൽക്കിന്റെ ആദ്യ മകൻ നവാബ് ഗാസി ജംഗും രണ്ടാമത്തെ മകൻ നവാബ് ഫഖർ ജംഗിന്റെ അനന്തരാവകാശികളും തമ്മിൽ അനന്തരാവകാശത്തെ സംബന്ധിച്ചുണ്ടായ തർക്കങ്ങളായിരുന്നു ആദ്യം ഫയൽ ചെയ്ത കേസിന്റെ ആധാരം.ആദ്യകാലത്ത് രണ്ട് കക്ഷികളിലും 26 പ്രതികളിലും മാത്രമായി ഒതുങ്ങിയിരുന്ന കേസ് രണ്ട് തലമുറ കഴിഞ്ഞതോടെ കക്ഷികളുടെ അനന്തരാവകാശികളുടെ എണ്ണം കൂടി. ആകെ കക്ഷി ചേർന്നവരുടെ എണ്ണം 94 ആയി.
1951-ൽ നവാബ് ഫഖ്‌റുൽ മുൽക്കിന്റെ പൈതൃകമായി ലഭിച്ച ഭൂമിയുടെ വിതരണവുമായി ബന്ധപ്പെട്ട തർക്കത്തിൽ മൂന്ന് അനുരഞ്ജന ഹർജികളിലൂടെ ഹൈക്കോടതി ഒരു പ്രാഥമിക ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് നഗരത്തിലെ 9 വസ്തുവകകൾ അഞ്ച് പേർക്ക് അഞ്ച് ഭാഗങ്ങളായി വീതിക്കണം. എറംമൻസിൽ കൊട്ടാരം, അക്കാടി 21 ഏക്കർ (അന്നത്തെ മൂല്യം 10.20 ലക്ഷം), എറംമൻസിൽ 75.27 ഏക്കർ സ്ഥലം (7.50 ലക്ഷം രൂപ), എറഗ്രദ്ദയിലെ എറം നുമ ബംഗ്ലാവ് (3.72 ലക്ഷം രൂപ), ബൊല്ലാരം ബംഗ്ലാവ്, മറ്റൊരു 14 ഏക്കർ (1.09ലക്ഷം രൂപ) യൂസഫ്‌ഗുഡ, മൂസാപേട്ട എന്നിവിടങ്ങളിലെ ഭൂമിയും മറ്റ് 3 സ്വത്തുക്കളും. ഇവ അഞ്ച് ഭാഗങ്ങളായി വിഭജിച്ച് നവാബ് ഗാസി ജംഗ് ബഹാദൂർ, നവാബ് റൈസ്യാർ ജംഗ് ബഹാദൂർ, നവാബ് റയീസ് ജംഗ് ബഹാദൂർ, നവാബ് ഷാവാസ് ജംഗ് ബഹാദൂർ എന്നിവർക്ക് വിതരണം ചെയ്യാനായിരുന്നു ഡിക്രി വന്നത്. ആ ഭൂമികളുടെ സംരക്ഷണത്തോടൊപ്പം ഓഹരികൾ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഇതുവരെ 9 റിസീവർമാരെ നിയമിച്ചിട്ടുണ്ട്. അന്നുമുതൽ ഓരോ വസ്തുവകകളും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്. കുറെ സ്വത്തുക്കൾ അവകാശികൾക്ക് വീതിച്ചുകൊടുത്തു, സർക്കാരും കുറച്ചു ഭൂമി ശേഖരിച്ച് നഷ്ടപരിഹാരം നൽകി അവകാശികൾക്ക് വിതരണം ചെയ്തു. ആ ഉത്തരവിലാണ് എരഗദ്ദയിലെ എറം നുമ ബംഗ്ലാവിന്റെ 59 ഏക്കർ സർക്കാർ ഏറ്റെടുത്ത് ടിബി ആശുപത്രി നിർമ്മിച്ചത്.
1951-ൽ ഹൈക്കോടതിയിൽ എത്തിയതിനു ശേഷം നിരവധി വാദികളും പ്രതികളും മരിക്കുകയും അവരുടെ അവകാശികൾ 73 വർഷമായി നിയമപോരാട്ടം നടത്തുകയും ചെയ്തു. നിരവധി ഒത്തുതീർപ്പ് ഹർജികളും വർഷങ്ങളായി റിസീവർ-കം-കമ്മീഷണർമാരെ നിയമിച്ചിട്ടും, വസ്തു തർക്കങ്ങൾ പരിഹരിക്കുന്നത് അവ്യക്തമായി തുടർന്നു.
കോടതി രണ്ട് വർഷം മുമ്പ് 2022 നവംബർ 29-ന് റിട്ടയേർഡ് ജില്ലാ ജഡ്ജി മുഹമ്മദ് നിസാമുദ്ദീനെ റിസീവർ കം കമ്മീഷണറായി നിയമിച്ചു.കഴിഞ്ഞ വർഷം മാർച്ച് 16 ന് അദ്ദേഹം അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു, എന്തെങ്കിലും എതിർപ്പുകൾ അറിയിക്കാൻ ഹൈക്കോടതി ബാർ അസോസിയേഷന് നോട്ടീസ് അയച്ചു. എന്നാൽ ചിലർ മാത്രം എതിർത്തു. അദ്ദേഹത്തിന്റെ റിപ്പോർട്ടിന് എതിരെയുള്ള എതിർപ്പുകൾ കേട്ടതിന് ശേഷം മിക്കവയും ഹൈക്കോടതി നിരസിച്ചു. ഈ കേസിൽ പരാമർശിച്ചിരിക്കുന്ന ഭൂമികളെല്ലാം സർക്കാർ വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിച്ചതാണെന്നും അമീർപേട്ടിലെ ശ്മശാനം മാത്രമാണ് ബാക്കിയുള്ളതെന്നും റിസീവർ തന്റെ റിപ്പോർട്ടിൽ പറയുന്നു.
ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ, മഖ്ബറയുടെ സംരക്ഷണത്തിന് മേൽനോട്ടം വഹിക്കാൻ, അനന്തരാവകാശികളുടെ അഞ്ച് ശാഖകളെ പ്രതിനിധീകരിക്കുന്ന അഞ്ച് അംഗങ്ങൾ അടങ്ങുന്ന ഒരു കമ്മിറ്റിയെ നിയമിക്കാൻ മുൽക്ക് അവകാശികൾക്ക് കോടതി നിർദ്ദേശം നൽകി. ആ മഖ്ബറയാകട്ടെ കേന്ദ്രസർക്കാർ പൗരാണിക പൈതൃക സ്വത്തായി പരിഗണിച്ചതിനാൽ ആ സ്വത്ത് പങ്കിടാൻ ഹർജിക്കാർക്ക് അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇറം മൻസിലിന്റെയും സമീപ പ്രദേശങ്ങളുടെയും കാര്യത്തിൽ പോലും, നിയമപരമായ അവകാശികൾക്ക് യഥാവിധി നഷ്ടപരിഹാരം നൽകിയതിന് ശേഷമാണ് സംസ്ഥാനം അത് സ്വന്തമാക്കിയത്, അതിനാൽ ക്ലെയിമുകളൊന്നും സ്വീകരിക്കാൻ കഴിയില്ല, ” എന്ന് കോടതി ഉത്തരവിൽ പറയുന്നു.
മറ്റ് ഭൂമി വിറ്റതുമായി ബന്ധപ്പെട്ട 1,18,81,249 രൂപ മുൽക്കിന്റെ അവകാശികൾക്ക് പലിശ സഹിതം ലഭിക്കുമെന്ന് വിധിച്ചു. നിലവിൽ ഹൈക്കോടതിയിലുള്ള തുക ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിക്ഷേപിക്കാൻ കോടതി നിർദേശം നൽകി.ഇതുവരെ ഷെയർ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ഓഹരി ഉടമകൾക്ക് ഇത് ക്ലെയിം ചെയ്യാം എന്നും വിധിയിൽ പറയുന്നു. ഈ കേസിൽ 73 വർഷമായി രേഖകൾ സൂക്ഷിച്ചതിന് ഹൈക്കോടതി രജിസ്ട്രിയെ ബെഞ്ച് അഭിനന്ദിച്ചു.
എറം മൻസിലിൽ 17 ഏക്കർ സ്ഥലത്ത് പുതിയ അസംബ്ലി നിർമ്മിക്കാനുള്ള നിർദ്ദേശം വന്നതും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ പ്രഖ്യാപനവും തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതും വിവാദമായിരുന്നു. ജീർണാവസ്ഥയിലായതിനാൽ കെട്ടിടം പൊളിച്ചുനീക്കുമെന്ന് തെലങ്കാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചരിത്രപരമായ ഈ നിർമിതി സംരക്ഷിക്കാൻ പ്രദേശവാസികളുടെ യോജിച്ച ശ്രമം നടന്നിട്ടുണ്ട്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പട്ടികയിൽ B2 വിഭാഗത്തിൽ പെട്ടതാണ് ഈ ഘടന. ഈയിടെ ഈ കെട്ടിടം പൊളിക്കുന്നത് നിയമവിരുദ്ധമാക്കി ഒരു ഹൈക്കോടതി ഉത്തരവ് വന്നിട്ടുണ്ട് .
നവാബ് ഫഖ്ർ-ഉൽ-മുൽക്കിന്റെ സ്വത്തുക്കളുടെ വിഭജന തർക്കത്തിൽ 101 പേജുള്ള ചരിത്രപരമായ വിധിയാണ് തെലങ്കാന ഹൈക്കോടതി നൽകിയത്.