ലക്‌നൗ: കോൺഗ്രസിനെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് ഹൈന്ദവ വിശ്വാസങ്ങളെയും സനാതന ധർമ്മത്തെയും തകർക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മല്ലികാർജുൻ ഖാർഗെയുടെ ‘ശിവനും രാമനും’ എന്ന പരാമർശത്തിനെതിരെ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” ഭാരതത്തിന്റെ സംസ്‌കാരം ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ പ്രവണത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം വിഷയങ്ങൾ ഉന്നയിച്ച് ഭാരതീയ വിശ്വാസങ്ങളെ ഇല്ലാതാക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ ശ്രമങ്ങൾക്ക് ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകണം. ശ്രീരാമ ചന്ദ്രൻ ശിവഭഗവാനെ ആരാധിച്ചിരുന്നു. എന്നാൽ പുരാണങ്ങളിൽ പോലും വിഭജനം നടത്തി നമ്മുടെ സംസ്‌കാരത്തെ ഇല്ലാതാക്കാനാണ് കോൺഗ്രസിന്റെ ശ്രമം.”- യോഗി ആദിത്യനാഥ് പറഞ്ഞു.
വിഭജിച്ച് ഭരിക്കുക എന്ന നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ബ്രിട്ടീഷുകാരുടെ പാരമ്പര്യമാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. ജാതിയുടെയും ഭാഷയുടെയും ഇപ്പോൾ സനാതന ധർമ്മതത്തിന്റെയും പേരിൽ അവർ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്നു. ദൈവങ്ങളെ പോലും ഭിന്നിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചത്തീസ്ഗഡ് ജഞ്ജ്ഗിർ- ചമ്പ മണ്ഡലത്തിലെ സ്ഥാനാർത്ഥി ശിവകുമാർ ദഹാരിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിവാദമായ ശിവ-രാമ പരാമർശം ഖാർഗെ നടത്തിയത്. ” ശ്രീരാമനെതിരെ ശക്തമായ പോരാട്ടം നടത്താൻ ഇദ്ദേഹത്തിന് സാധിക്കും. കാരണം ഇവൻ ശിവനാണെന്നായിരുന്നു ഖാർഗെയുടെ വിവാദ പരാമർശം. കോൺഗ്രസിന്റെ ഭിന്നിപ്പിച്ച് ഭരിക്കൽ നയത്തെ എതിർത്ത് നിരവധി പേരാണ് രംഗത്തെത്തിയത്.















