അഹമ്മദാബാദ്: പ്രതിപക്ഷ സഖ്യത്തിന്റെയും കോൺഗ്രസിന്റെയും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് പാകിസ്താന്റെ അനുയായി ആയി മാറിക്കഴിഞ്ഞു. ഇവിടെ കോൺഗ്രസിന്റെ പതനം സംഭവിക്കുമ്പോൾ പാകിസ്താൻ അവിടെ കരയുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താന് ഇന്ത്യയിൽ ഒരു ദുർബല ഭരണകൂടത്തിനെയാണ് ആവശ്യം. 2014ന് മുൻപ്, മുംബൈ ഭീകരാക്രമണ സമയത്ത് ഉണ്ടായിരുന്നത് പോലെ ഒരു ദുർബല ഭരണകൂടം ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കണമെന്നാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ പാകിസ്താൻ നേതാക്കൾ കോൺഗ്രസിന്റെ രാജകുമാരനെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തെയും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസും സഖ്യകക്ഷികളും അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ മുസ്ലീം വിഭാഗത്തിലുള്ളവർക്ക് പിൻവാതിൽ അവസരങ്ങൾ നൽകില്ലെന്ന് ഉറപ്പ് നൽകാൻ സാധിക്കുമോ എന്നും പ്രധാനമന്ത്രി ചോദിച്ചു. “ലവ് ജിഹാദ് , ലാൻഡ് ജിഹാദ് എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് വോട്ട് ജിഹാദെന്ന് കേൾക്കുന്നത്,” അദ്ദേഹം പറഞ്ഞു. ഒരു ഇൻഡി മുന്നണി നേതാവ് വോട്ട് ജിഹാദിനായി ആഹ്വാനം ചെയ്തിട്ടുണ്ടെന്നും എല്ലാ മുസ്ലീങ്ങളും ഒരുമിച്ച് വോട്ട് ജിഹാദ് ചെയ്യണമെന്നുമാണവർ പറയുന്നതെന്നും മോദി പരിഹസിച്ചു.















